Your Image Description Your Image Description

ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുമ്പോൾ, ഈ ഫൈനൽ കൂടി വിജയിച്ച് ഒരു കിരീടം ഇന്ത്യയിലേക്കെത്തിക്കാനാരിക്കും രോഹിത് ശർമയുടെയും സംഘത്തിന്റെയും ശ്രമം. ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറിന്‍റെ കീഴിലുള്ള സ്പിൻ പടയും മികച്ച ഫോമിലുള്ള ഇതിഹാസ ബാറ്റർ കെയ്ൻ വില്യംസണുമെല്ലാം ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുമെന്ന കാര്യം ഉറപ്പാണ്.

ഇരു ടീമുകളിലെയും മികച്ച ബാറ്റർമാരും ബൗളർമാരും ലൈനപ്പിൽ ഉണ്ടെങ്കിലും ഫൈനലിൽ തിളങ്ങുക ഓൾറൗണ്ടർമാരായിരിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ സൂപ്പർതാരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ രവി ശാസ്ത്രി. പ്ലെയർ ഓഫ് ദി മാച്ച് ആകുക ഒരു ഓൾറൗണ്ടറായിരിക്കുമെന്നും അത് ഇന്ത്യൻ താരമാണെങ്കിൽ അത് രവീന്ദ്ര ജഡേജയോ അക്സർ പട്ടേലോ, അല്ല ന്യൂസിലാൻഡ് ആണെങ്കിൽ ഗ്ലെൻ ഫിലിപ്സ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഫീൽഡിങ്ങിൽ അവൻ തന്‍റെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തേക്കും. ബാറ്റിങ്ങിൽ ചിലപ്പോൾ 40ഓ 50ഓ റൺസടിച്ച് ക്യാമിയോ റോൾ നിർവഹിക്കാൻ സാധിക്കും. ചിലപ്പോൾ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തിയും അവൻ ഇന്ത്യയെ ഞെട്ടിച്ചേക്കാം,’ശാസ്ത്രി പറഞ്ഞു. ബാറ്റിങ്ങിൽ ഇന്ത്യൻ നിരയിൽ വിരാട് കോഹ്ലിയാണ് ഇമ്പാക്ട് ഉണ്ടാക്കുന്നതെങ്കിൽ വില്യംസണും രച്ചിൻ രവീന്ദ്രയും ഡെയ്ഞ്ചറായേക്കുമെന്നും ശാസ്ത്രി നിരീക്ഷിച്ചു.

‘നിലവിലെ ഫോം പരിശോധിക്കുകയാണെങ്കിൽ കോഹ്‌ലിയുടെ പേര് തന്നെ പറയും. ന്യൂസിലാൻഡ് നിരയിൽ കെയ്ൻ വില്യംസണും. ഇവർ റെഡ് ഹോട്ട് ഫോമിൽ നിൽക്കുന്ന സമയത്ത് ആദ്യ പത്ത് റൺസ് നേടാൻ അനുവദിച്ചാൽ നിങ്ങൾ വലിയ കുഴപ്പത്തിലാകും എന്ന് ഉറപ്പിച്ചോളു. കോഹ്ലിയായാലും വില്യംസണായാലും ആ കാര്യത്തിൽ മാറ്റമുണ്ടാകില്ല. ന്യൂസിലാൻഡ് നിരയിൽ കെയ്ൻ വില്യംസണെ പോലെ തന്നെ ഒരു പരിധി വരെ രചിൻ രവീന്ദ്രയെയും അപകടകാരിയാണ്.

വളരെ മികച്ച യുവതാരമാണ് അവൻ. ഇവരെ നിലയുറപ്പിക്കാൻ അനുവദിച്ചാൽ ആദ്യത്തെ ഒരു 15 റൺസിന് ശേഷം ഇന്ത്യക്ക് അപകടമാണ്,’ എന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. ഞായറാഴ്ചയാണ് ഇന്ത്യയും ന്യൂസിലാൻഡും നേരിടുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനൽ അരങ്ങേറുന്നത്. ദുബൈ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *