Your Image Description Your Image Description

കൊല്ലം : കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ പുസ്തക സ്റ്റാളുകളില്‍ ഒരുക്കിയിരിക്കുന്നത് അപൂര്‍വ പുസ്തകങ്ങളുടെ വിപുലമായ ശേഖരം. വിവിധ പ്രസാധകര്‍ മികച്ച വിലക്കു റവോടെയാണ് പുസ്തകങ്ങള്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. മാതൃഭൂമി ബുക്സ്, ഡി.സി ബുക്സ്, യുവമേള പബ്ലിക്കേഷന്‍സ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ബുക്സ്, കേരള മീഡിയ അക്കാദമി, ചിന്ത പബ്ലിക്കേഷന്‍, സദ്ഭാവന ട്രസ്റ്റ്, മൈത്രി ബുക്ക്, പ്രഭാത് ബുക്സ്, സൈന്ധവ ബുക്സ്, രചന ബുക്സ്, മാന്‍കൈന്‍ഡ് ബുക്സ്, പി.ജി സംസ്‌കൃതി കേന്ദ്രം, സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി പ്രസാധകരുടെ പ്രസിദ്ധീകരണങ്ങളാണ് മേളക്ക് അക്ഷരമധുരം പകരുന്നത്.

വിവിധ ഭാഷകളിലെ പ്രമുഖ എഴുത്തുകാരുടേത് മുതല്‍ യുവ എഴുത്തുകാരുടേത് വരെയുള്ള രചനകള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരമുണ്ട്. മാതൃഭൂമി ബുക്സ് സ്റ്റാളില്‍ 1000 രൂപ വരെയുള്ള പുസ്തകങ്ങള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ലൈബ്രറി, സ്‌കൂള്‍, കോളേജ് എന്നിവയ്ക്ക് 33.3 ശതമാനമാണ് ഡിസ്‌കൗണ്ട്. ഡി.സി ബുക്സിന്റെ എല്ലാ പ്രധാന പ്രസിദ്ധീകരണങ്ങളും മേളയില്‍ വിപണനത്തിനായി എത്തിച്ചിട്ടുണ്ട്. 50 രൂപ മുതല്‍ 1000 രൂപ വരെയുള്ള പുസ്തകങ്ങള്‍ക്ക് 10 ശതമാനം വരെ ഇളവും ലഭിക്കും.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിരവധി മേഖലകളിലുള്ള പുസ്തകങ്ങള്‍ 20 ശതമാനം മുതല്‍ ഡിസ്‌കൗണ്ടോടെയാണ് വില്‍ക്കുന്നത്. ആയിരം രൂപക്ക് മുകളില്‍ പുസ്തകം വാങ്ങുന്നവര്‍ക്ക് 25 ശതമാനവും 2000 രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 30 ശതമാനവും 5000 രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 35 ശതമാനവുമാണ് ഇളവ്. 10000 രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 40 ശതമാനവും 25000 രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 45 ശതമാനവും ഒരു ലക്ഷം രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 50 ശതമാനവും ഇളവുണ്ട്.യുവ മേള പബ്ലിക്കേഷന്‍സിന്റെ സ്റ്റാളില്‍ 35 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാകും. മലയാള ഭാഷയിലെ ആദ്യത്തെ കഥയായ ‘വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ കഥകള്‍’ എന്ന പുസ്തകം യുവമേള പബ്ലിക്കേഷന്‍സിന്റെ സ്റ്റാളിലുണ്ട്.

നാഷണല്‍ ബുക്സിന്റെ സ്റ്റാളില്‍ കാള്‍ മാര്‍ക്സിന്റെ മൂലധനത്തിന്റെ മലയാള ഭാഷയിലുള്ള 2880 രൂപ വിലവരുന്ന മൂന്നു വാള്യങ്ങള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് 1440 രൂപയ്ക്ക് ലഭ്യമാവും.
മാധ്യമ മേഖലയിലെ പ്രധാന എഴുത്തുകാരുടെ രചനകള്‍ കേരള മീഡിയ അക്കാദമിയുടെ സ്റ്റാളില്‍ ലഭ്യമാണ്. മാധ്യമങ്ങളുടെ ആദ്യകാലം മുതല്‍ നവമാധ്യമങ്ങള്‍ വരെയുള്ള ചരിത്രം അടങ്ങിയ പുസ്തകങ്ങള്‍ 20 ശതമാനം വിലക്കുറവില്‍ ഇവിടെ ലഭിക്കും.

രാഷ്ട്രീയം, നോവല്‍, കഥ, കവിത, പഠനങ്ങള്‍, ബാലസാഹിത്യം, സിനിമ, നാടകം, സംസ്‌കാരം എന്നിങ്ങനെ നിരവധി മേഖലകളില്‍ ഉള്ള പുസ്തകങ്ങള്‍ 10 ശതമാനം ഡിസ്‌കൗണ്ടിലാണ് ചിന്താ പബ്ലിക്കേഷന്‍സ് നല്‍കുന്നത്. 500 രൂപ മുതലുള്ള പുസ്തകങ്ങള്‍ക്ക് 10 ശതമാനവും ആയിരം രൂപ മുതലുള്ള പുസ്തകങ്ങള്‍ക്ക് 20 ശതമാനവുമാണ് ഇളവ് നല്‍കുന്നത്.

ചങ്ങമ്പുഴയുടെ ഏക നോവലായ കളിത്തോഴി, മലയാള ഭാഷാ സാഹിത്യം, കഥാസമാഹാരം, യു.ജി.സി നെറ്റ് പുസ്തകങ്ങള്‍ തുടങ്ങിയവ രചന ബുക്ക്സ് സ്റ്റാളില്‍ ലഭിക്കും. മൂന്ന് ഭാഗമായി തിരിച്ച സ്റ്റാളില്‍ ആദ്യഭാഗത്ത് ഇരിക്കുന്ന ഏതു പുസ്തകം എടുത്താലും 200 രൂപയ്ക്ക് ലഭ്യമാകും. പഴയ പുസ്തകങ്ങള്‍ കൊടുത്താല്‍ ഡിസ്‌കൗണ്ട് വിലയില്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങാനും അവസരമുണ്ട്.പ്രഭാത് ബുക്സിന്റെ സ്റ്റാളില്‍ 10 മുതല്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. സ്‌കൂള്‍, കോളേജ്, ലൈബ്രറികള്‍ക്ക് 35 ശതമാനം വരെയാണ് ഇളവ്.

മൈത്രി ബുക്ക്സിന്റെ സ്റ്റാളില്‍ പ്രധാനമായും ഇംഗ്ലീഷ്, മലയാളം നോണ്‍ ഫിക്ഷന്‍ നോവലുകളാണുള്ളത്. പെരിയാര്‍ ഇ.വി രാമസ്വാമിയുടെ ഇരുപത്തിയഞ്ചോളം പുസ്തകങ്ങള്‍, മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍ എന്നിവരുടെ പുസ്തകങ്ങളും വില്‍പനയ്ക്കായുണ്ട്.

കേരള സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തക സ്റ്റാളില്‍ 11560 രൂപ മുഖവിലയുള്ള വിജ്ഞാനകോശം ഗ്രന്ഥങ്ങള്‍ 4750 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ പരിമിത കാലത്തേക്ക് ആകര്‍ഷകമായ വിലക്കിഴിവില്‍ മാസതവണകളായി അടക്കാവുന്ന ക്രെഡിറ്റ് പദ്ധതി, അംഗീകൃത ഏജന്‍സികള്‍ക്ക് 50 ശതമാനം കിഴിവ് എന്നിവയും ലഭ്യമാകുന്നുണ്ട്.

100 രൂപ മുതല്‍ 1000 രൂപ വരെയുള്ള പുസ്തകങ്ങള്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് സൈന്ധവ ബുക്ക്സിന്റെ സ്റ്റാളില്‍നിന്ന് ലഭ്യമാകുന്നത്. മാന്‍കൈന്‍ഡ് പബ്ലിക്കേഷനില്‍ 100 രൂപ മുതല്‍ 400 രൂപ വരെയുള്ള പുസ്തകങ്ങള്‍ക്ക് 10 ശതമാനം ഇളവും അഞ്ചില്‍ കൂടുതല്‍ വാങ്ങിയാല്‍ 20 ശതമാനം വരെ കിഴിവും ലഭിക്കും. പി.ജി സംസ്‌കൃതി കേന്ദ്രത്തിന്റെ പുസ്തക സ്റ്റാളില്‍ പി.ജി യുടെ നിയമസഭാ പ്രസംഗങ്ങള്‍’ എന്ന പുസ്തകമാണ് ലഭ്യമാകുന്നത്. കേരള രൂപീകരണത്തിന് ശേഷം 1951- 1956 കാലഘട്ടത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രധാനപ്പെട്ട ബില്ലുകളുമായി ബന്ധപ്പെട്ട പ്രസംഗങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ 350 രൂപയുള്ള പുസ്തകം 10 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *