Your Image Description Your Image Description

നൂതന സംവിധാനങ്ങളടങ്ങിയ സ്മാർട്ട് തിരിച്ചറിയൽ കാർഡുകൾ പുറത്തിറക്കി ബഹ്റൈൻ. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) പുറപ്പെടുവിച്ച ആഗോള നിയമങ്ങൾക്കനുസൃതമായി അന്താരാഷ്ട്ര യാത്രാരേഖയായി ഉപയോഗിക്കാൻ പാകത്തിലുള്ള ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങൾ ഘടിപ്പിച്ചാണ് പുതിയ തിരിച്ചറിയൽ കാർഡ് രൂപപ്പെടുത്തിയത്.

ഇത്തരത്തിൽ ‘ട്രാവൽ ആപ്ലിക്കേഷൻ റെഡി ചിപ്പ്’ ഐഡന്‍റിറ്റികാർഡുകളിൽ ഉൾപ്പെടുത്തുന്ന ജി.സി.സിയിലെ ആദ്യരാജ്യമായി ഇതോടെ ബഹ്റൈൻ മാറും.കഴിഞ്ഞ ദിവസം ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ഇസ ടൗണിലെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ സ്മാർട്ട് കാർഡ് കാർഡുകൾ അവതരിപ്പിച്ചത്.

കാർഡിൽ ബയോമെട്രിക്, ഐഡന്‍റിറ്റി വിവരങ്ങളും ഉൾപ്പെടുത്തും. ചേർക്കപ്പെടുന്ന വിവരങ്ങൾ ഏതു രാജ്യത്ത് പോയാലും വിലയിരുത്താനും മനസ്സിലാക്കാനും സാധിക്കും. പുതിയ കാർഡുകളെ യാത്രാ രേഖകളായി ഉപ‍യോഗിക്കാൻ സാധിക്കുമെങ്കിലും നിലവിലെ യാത്രകളിൽ രേഖകളായി ഇതിനെ മാത്രം ആശ്രയിക്കരുതെന്നും പാസ്പോർട്ടുകൾ കൈവശം വെക്കണമെന്നും ഐ.ജി.എ ചീഫ് എക്സിക്യുട്ടിവ് മുഹമ്മദ് അലി അൽ ഖായിദ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ, ഭാവിയിൽ ചില രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ പ്രധാന രേഖയായി പുതിയ സ്മാർട്ട് ഐഡന്‍റിറ്റി കാർഡ് മതിയാവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സി.പി.ആർ കാലഹരണപ്പെട്ടാലെ പുതിയ സ്മാർട്ട് കാർഡിന് ഓരോരുത്തരും യോഗ്യരാവുകയുള്ളൂ.

കാർഡിന്‍റെ ഭാവത്തിൽ മാത്രമല്ല രൂപത്തിലും ഒരുപാട് കൗതുകങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്. ബഹ്റൈന്‍റെ സാംസ്കാരികവും പൈതൃകവും അടയാളങ്ങളുമായ സെയിൽ സമാരകം, ബഹ്റൈൻ വേൾഡ് ട്രേഡ് സെന്‍റർ, പവിഴം, മത്സ്യ പൈത്യകവുമായി ബന്ധപ്പെട്ട അടയാളങ്ങൾ എന്നിവ പുതിയ കാർഡിന്‍റെ പ്രതലങ്ങളിൽ സുതാര്യവും അസുതാര്യവുമായ രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ലേസർ സംവിധാനം ഉപയോഗിച്ച് നിർമിച്ച അടയാളങ്ങളും വരകളുമായതിനാൽ വ്യാജമായി ഈ കാർഡുകൾ നിർമിച്ചെടുക്കാൻ പ്രയാസമായിരിക്കും. രാജ്യത്തിന്‍റെ 3000 വർഷത്തെ പാരമ്പര്യത്തെയും ചരിത്രങ്ങളെയും കാർഡിൽ ഉൾപ്പെടുത്തിയ അടയാളങ്ങൾ പ്രതിഫലിപ്പിക്കുമെന്ന് ഐ.ജി.ഐ പ്രസ്താവനയിൽ അറിയിച്ചു.

കാർഡുകളുടെ നിർമാണത്തിന് പോളികാർബണേറ്റ് മെറ്റീരിയലുകളാണ് ഉപയോഗിച്ചത്. ഇത് പൊട്ടൽ, സ്ക്രാച്ച്, ചൂട്, തേയ്മാനം എന്നിവയെ തടയുന്നതിനോടൊപ്പം ദീർഘകാലത്തെ ഈടും ലഭിക്കും. പുതിയ കാർഡിന്‍റെ നിർമാണം എളുപ്പവും ചിലവ് കുറഞ്ഞുതുമാണെന്നും അൽ ഖാഇദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *