Your Image Description Your Image Description

ഡീപ്ഫേക്ക് വീഡിയോകളുടെ കാലമാണിത്. നിരവധി നടിമാരാണ് എഐ നിർമ്മിത ഡീപ്ഫേക്ക് വീഡിയോകളുടെ ഇരകളായിട്ടുള്ളത്. ഇപ്പോഴിതാ, ബോളിവുഡ് താരം വിദ്യാ ബാലന്റെയും ഡീപ്ഫേക്ക് വീഡിയോ പ്രചരിക്കുകയാണ്. പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാജമാണെന്ന് വെളിപ്പെടുത്തി താരം തന്നെ രം​ഗത്തെത്തി. വീഡിയോയിൽ പറയുന്ന ഒരു കാര്യത്തിലും തനിക്ക് ഉത്തരവാദിത്തമില്ലെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പറയുന്നത്.

“ഹായ്, ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട വിദ്യാബാലനാണ്,” എന്ന് വിദ്യാ ബാലൻ സ്വയം പരിചയപ്പെടുത്തുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന വ്യാജ വീഡിയോ ക്ലിപ്പും താരം പോസ്റ്റിനൊപ്പം പങ്കിട്ടു. വീഡിയോയിൽ ഒരു വലിയ ‘സ്കാം അലേർട്ട്’ സ്റ്റാമ്പും പതിച്ചിരുന്നു. വീഡിയോയിലെ താരത്തിന്റെ ചുണ്ടുകളുടെ ചലനങ്ങൾ ശ്രദ്ദിക്കുന്നവർക്ക് ഇത് വ്യാജമാണെന്ന് കണ്ടെത്താനാകും.

“ഇതിന്റെ സൃഷ്ടിയിലോ പ്രചാരണത്തിലോ എനിക്ക് പങ്കില്ല, അതിന്റെ ഉള്ളടക്കത്തെ ഒരു തരത്തിലും ഞാൻ പിന്തുണയ്‌ക്കുന്നില്ല. വീഡിയോകളിൽ ഉന്നയിക്കുന്ന ഏതെങ്കിലും അവകാശവാദങ്ങൾ എന്റെ പേരിൽ ആരോപിക്കരുത്. കാരണം അവ എന്റെ കാഴ്ചപ്പാടുകളെയോ പ്രവർത്തനങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ല. വീഡിയോ പങ്കിടുന്നതിന് മുമ്പ് വിവരങ്ങൾ പരിശോധിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന AI- സൃഷ്ടിച്ച ഉള്ളടക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.”വിദ്യ കുറിച്ചു.

നിരവധി ബോളിവുഡ് താരങ്ങൾ നേരത്തേ തന്നെ ഡീപ്ഫേക്ക് വീഡിയോകൾക്ക് ഇരയായിരുന്നു. മുൻപ്, രശ്മിക മന്ദാന, ദീപിക പദുക്കോൺ, ആലിയ ഭട്ട്, കത്രീന കൈഫ്, രൺവീർ സിംഗ്, ആമിർ ഖാൻ ഉൾപ്പെടെയുള്ളവരുടെ ഡീപ്ഫേക്ക് വീഡിയോ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *