Your Image Description Your Image Description

ഏകദിന ലോകകപ്പിനുശേഷം ഐസിസി ടൂര്‍ണമെന്റില്‍ വീണ്ടുമൊരു ഇന്ത്യ-ഓസ്ട്രേലിയ നോക്കൗട്ട് പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി സെമിയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുന്നത്. ചൊവ്വാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ സെമി. ഇന്ത്യന്‍ സമയം 2 മണിക്കാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തല്‍സമയം കാണാം.

രണ്ടാം സെമിയില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടും. ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ യോഗ്യത നേടിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഒരു വിജയം മാത്രമാണ് ഓസ്‌ട്രേിലയയുടെ ക്രെഡിറ്റിലുളളത്. അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കക്കും എതിരായ ഓസ്‌ട്രേലിയയുടെ മത്സരങ്ങള്‍ മഴയെടുത്തപ്പോള്‍ ലഭിച്ച രണ്ട് പോയന്റും ഇംഗ്ലണ്ടിനെതിരായ ജയത്തിലൂടെ ലഭിച്ച 2 പോയന്റും അടക്കം നാലു പോയന്റുമായാണ് ഓസീസ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയത്.

2023ലെ ഏകദിന ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കിരീടം കൈവിട്ടതിന്റെ നിരാശ മാറ്റാനും പ്രതികാരം തീര്‍ക്കാനും ഇന്ത്യക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണ് സെമി പോരാട്ടം. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ തകര്‍ത്ത ട്രാവിസ് ഹെഡ് തന്നെയാണ് ഇത്തവണയും ഇന്ത്യക്ക് ഭീഷണി. നായകന്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡുമില്ലാതെ ഇറങ്ങുന്ന ഓസീസിനെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് നയിക്കുന്നത്. ട്രാവിസ് ഹെഡിന് ടൂര്‍ണമെന്റില്‍ ഇതുവരെ തിളങ്ങാനായിട്ടില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെയും അലക്‌സ് ക്യാരിയുടെയും മാത്യു ഷോര്‍ട്ടിന്റെയും ബാറ്റിംഗിലാണ്
ഓസീസ് പ്രതീക്ഷ വെക്കുന്നത്.

മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ഇതുവരെ ഫോമിലാവാനായിട്ടില്ലെന്നത് ഇന്ത്യക്ക് തലവേദനയാണ്. വിരാട് കോലി പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയെങ്കിലും ന്യൂസിലന്‍ഡിനെതിരെ നിരാപ്പെടുത്തി. മധ്യനിരയില്‍ ശ്രേസയ് അയ്യരുടെയും ഓപ്പണറായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന്റെയും മികച്ച ഫോമും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവിലും പിന്നെ സ്പിന്നര്‍മാരുടെ തന്ത്രങ്ങളിലുമാണ് ഇന്ത്യ പ്രതീക്ഷ വെക്കുന്നത്. സമീപകാലത്ത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കും ഇന്ത്യക്ക് കണക്കുതീര്‍ക്കാന്‍ ലഭിക്കുന്ന അവസരമായിരിക്കും ചൊവ്വാഴ്ചച്ചതെ സെമി. പ്രമുഖരില്ലെങ്കിലും ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഇരട്ടിശക്തിയാര്‍ജ്ജിക്കുന്ന ഓസീസിനെയാണ് ഇന്ത്യ കരുതിയിരിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *