Your Image Description Your Image Description

ബെം​ഗളൂരു: ഹിന്ദുവായാണ് ജനിച്ചതെന്നും ഹിന്ദുവായി തന്നെ മരിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും രാഷ്‌ട്രീയ തർക്കത്തിനുള്ള വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോയമ്പത്തൂർ ഇഷ ഫൗണ്ടേഷനിലെ മഹാ ശിവരാത്രി ആഘോഷത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പം പങ്കെടുത്ത സംഭവം വിവാദമായതിന് പിന്നാലെയാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം.

സദ്​ഗുരുവിന്റെ ക്ഷണം സ്വീകരിച്ചാണ് താൻ ഇഷ ഫൗണ്ടേഷനിലെ മഹാ ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ പോയതെന്ന് ഡി കെ വ്യക്തമാക്കി. ‘‘എനിക്ക് വിശ്വാസം ഉള്ളിടത്ത് ഇനിയും പോകും. ഇത്തരം എതിർപ്പുകൾക്കൊന്നും തന്നെ പിന്തിരിപ്പിക്കാനാകില്ല. ഞാൻ ഹിന്ദുവായാണ് ജനിച്ചത്. മരിക്കുന്നതും ഹിന്ദു ആയിട്ടായിരിക്കും‘‘.- അദ്ദേഹം വ്യക്തമാക്കി. ‘‘അനധികൃത സ്വത്തുസമ്പാദന കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചപ്പോൾ സിഖ് മതത്തെ കുറിച്ച് പഠിച്ചിരുന്നു. ജൈനാശ്രമങ്ങളും ദർഗകളും ക്രൈസ്തവ ദേവാലയങ്ങളും സന്ദർശിക്കാറുണ്ട്’’– ശിവകുമാർ പറഞ്ഞു.

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷത്തിൽ അമിത്ഷാ ആയിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തത്. സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് ഇതേ പരിപാടിയിൽ ഡികെ ശിവകുമാർ പങ്കെടുത്തതിനെ എഐസിസി സെക്രട്ടറി പി.വി.മോഹൻ വിമർശിച്ചിരുന്നു. രാഹുൽ ഗാന്ധിയെ വിമർശിച്ച ഒരാളുടെ ക്ഷണം സംസ്ഥാന അധ്യക്ഷൻ സ്വീകരിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നാണു മോഹന്റെ വിമർശനം. ഇതേ തുടർന്നാണ് ശിവകുമാറിന്റെ മറുപടി. ദിവങ്ങൾക്ക് മുമ്പ് പ്രയാ​ഗ്‍രാജിലെ മഹാകുംഭമേളയിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *