Your Image Description Your Image Description

ടെസ്‌ല ഇന്ത്യന്‍ വിപണിയിലെത്തിയാലും ഇന്ത്യന്‍ കാര്‍ കമ്പനികളെ അത് അധികം ബാധിക്കാനിടയില്ലെന്ന് ബ്രോക്കറേജ് കമ്പനിയായ സി. എല്‍.എസ്.എ. എന്നാൽ ടെസ്‌ലയുടെ വരവ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ പ്രീമിയം വിഭാഗത്തിലേക്കുള്ള ചുവടുമാറ്റത്തിന് വേഗം കൂട്ടാം. ആഭ്യന്തര കമ്പനികളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയ്ക്ക് ഭാവിയില്‍ ഇതുമൂലം വലിയ പ്രതിസന്ധി ഉണ്ടാകാനിടയില്ലെന്നും സി.എല്‍.എസ്.എ. വിലയിരുത്തുന്നു.

ഇന്ത്യയില്‍ വൈദ്യുത വാഹനത്തിന്റെ സ്വീകാര്യത ഉയര്‍ന്നുതുടങ്ങുന്നതേയുള്ളൂ. 2027-28 സാമ്പത്തിക വര്‍ഷത്തോടെയിത് 15 ശതമാനത്തിലും 2029-30 സാമ്പത്തികവര്‍ഷം 25 ശതമാനത്തിലും എത്തുമെന്നാണ് പ്രതീക്ഷ. അപ്പോഴേക്കും വൈദ്യുത വാഹനങ്ങളുടെയും ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെയും വിലയിലുള്ള വ്യത്യാസം കുറയുമെന്നും സി.എല്‍.എസ്.എ. പറയുന്നു. ടെസ്‌ലയുടെ അമേരിക്കയിലെ ഏറ്റവും വില കുറഞ്ഞ കാറിന് 35,000 ഡോളറാണ് വില. അതായത് ഏകദേശം 29 മുതല്‍ 30 ലക്ഷം രൂപ വരും. ഇന്ത്യയില്‍ ശരാശരി വില്‍പ്പനവില 11.6 ലക്ഷം രൂപയാണ്. ടെസ്‌ല തുടക്കത്തില്‍ ഇറക്കുമതിയാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലേക്കുള്ള ഇറക്കുമതിത്തീരുവയും ഉയര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലെത്തിച്ച് വില്‍ക്കുന്നത് കമ്പനിക്ക് ചെലവു കൂടും. ടെസ്‌ലയുടെ നിലവിലുള്ള ഏറ്റവും വിലകുറഞ്ഞ കാര്‍ ഇന്ത്യയിലെത്തിച്ച് വില്‍ക്കുമ്പോള്‍ 35 മുതല്‍ 40 ലക്ഷം രൂപ വരെയാകുമെന്നാണ് കണക്കാക്കുന്നത്. ഈ ഉയര്‍ന്ന വിലതന്നെയാകും ടെസ്‌ലയ്ക്കു മുന്നിലുള്ള വെല്ലുവിളി.

അതേസമയം ഉത്പാദനയൂണിറ്റിനായി ടെസ്‌ല ആന്ധ്ര പ്രദേശിനെയും പരിഗണിക്കുന്നുണ്ട്. തുടക്കത്തില്‍ വാഹനം നേരിട്ട് ഇറക്കുമതി ചെയ്യുകയും വില്‍പ്പന ഉയരുന്ന സാഹചര്യത്തില്‍ ഘടകങ്ങളെത്തിച്ച് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതിനുമാണ് അമേരിക്കന്‍ വൈദ്യുതവാഹന നിര്‍മാതാക്കളായ ടെസ്‌ല ആലോചിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ എതിര്‍പ്പിനെ അവഗണിച്ച് ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാന്‍ തന്നെയാണ് ടെസ്‌ലയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശില്‍ ഉത്പാദനയൂണിറ്റ് തുടങ്ങുന്നതിനായി കമ്പനി ഇതിനകം സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *