Your Image Description Your Image Description

ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്തിൽ എംബാങ്കുമെന്റ് മത്സ്യകൃഷി പദ്ധതിക്ക് തുടക്കമായി. പത്താം വാർഡിലെ ചാങ്ങപ്പാടം ചാലിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മത്സ്യകൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു. ജലനിധി മത്സ്യ കർഷക ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘം വഴി ഒരു ഹെക്ടർ സ്ഥലത്ത് 1000 കരിമീൻ കുഞ്ഞുങ്ങളെയും 9000 വരാൽ കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്.

പരിസ്ഥിതി സൗഹൃദ രീതിയിൽ താൽക്കാലിക തടയണകൾ തയ്യാറാക്കി തദ്ദേശീയ മത്സ്യ വിത്തുകൾ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലന മുറകളിലൂടെ വളർത്തിയെടുക്കുന്ന പദ്ധതിയാണ് എംബാങ്കുമെന്റ്. ഹെക്‌ടറിന് 15 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. 60 ശതമാനം തുക ഫിഷറീസ് വകുപ്പ് സബ്‌സിഡിയായി നൽകും. ബാക്കി ഗുണഭോക്തൃ വിഹിതമാണ്. കൃത്യമായ ശാസ്ത്രീയ പരിപാലനത്തിലൂടെ നാലു മുതൽ ആറു മാസക്കാലം കൊണ്ട് 300 മുതൽ 400 ഗ്രാം വരെയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിളവെടുക്കാം.

ജനകീയ മത്സ്യകൃഷി, പിഎംഎംഎസ് വൈ പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ ഫിഷറീസ് വകുപ്പ് ചെങ്ങന്നൂർ മണ്ഡലത്തിൽ നടത്തിവരുന്നു. കൂട് മത്സ്യകൃഷി, മത്സ്യവിത്തുല്പാദന യൂണിറ്റുകൾ, വളപ്പ് മത്സ്യകൃഷി, അലങ്കാരമത്സ്യകൃഷി, ബയോഫ്ലോക്ക് തുടങ്ങിയ പദ്ധതികൾ ഇവയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ
രണ്ടു വർഷത്തിനുള്ളിൽ ഒന്നരക്കോടിയിലധികം രൂപയുടെ പദ്ധതികൾ മത്സ്യകൃഷിക്കായി നടപ്പിലാക്കി. എംബാങ്കുമെന്റ് പദ്ധതിക്ക് ഈ വർഷം 3.24 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിലൂടെ 40 ഹെക്ട‌ർ ജലാശയത്തിൽ മത്സ്യകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ചടങ്ങിൽ മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സദാനന്ദൻ അധ്യക്ഷനായി. വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ടി സി സുനിമോൾ, വൈസ് പ്രസിഡന്റ് പി ആർ രമേശ് കുമാർ, യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ജെയിംസ് ശമുവേൽ, ബ്ലോക്ക് പഞ്ചായത്തംഗം ജെബിൻ പി വർഗീസ്, എൻ പത്മാകരൻ, സുഷമ സുതൻ, കെ എസ് ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *