Your Image Description Your Image Description

ആപ്പിൾ അടുത്തിടെ ഐഫോൺ 16ഇ (iPhone 16e) പുറത്തിറക്കിയിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലാണിത്. ഫെബ്രുവരി 19നാണ് ഇന്ത്യയിൽ 59,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയത്. ഫെബ്രുവരി 21ന് പ്രീ-ഓർഡറുകളും ആരംഭിച്ചു. ഫെബ്രുവരി 28ന് ഐഫോണ്‍ 16ഇ-യുടെ ഔദ്യോഗിക വിൽപ്പനയും ഡെലിവറിയും ആരംഭിക്കും.

ഇന്ത്യയിൽ ഇതിന്‍റെ അസംബ്ലിംഗ് ജോലികൾ ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയ്ക്ക് പുറത്തേക്ക് ഉൽപ്പാദനം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ തന്ത്രത്തിന്‍റെ ഭാഗമായി പ്രാദേശിക വിപണികളെയും കയറ്റുമതിയെയും ലക്ഷ്യം വെച്ചാണ് ഉത്പാദനം.

ഐഫോൺ 16e ഉൾപ്പെടെയുള്ള മുഴുവൻ ഐഫോൺ 16 ലൈനപ്പും ഇന്ത്യൻ ഉപഭോക്താക്കൾക്കും തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതിനുമായി ഇന്ത്യയിൽ അസംബിൾ ചെയ്യുന്നു എന്ന് ആപ്പിൾ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പിളിന്‍റെ നിർമ്മാണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം.

ഇന്ത്യയിൽ ഐഫോൺ 16 പ്രോ മോഡലുകൾ അസംബിള്‍ ചെയ്യാനുള്ള ആപ്പിളിന്‍റെ തീരുമാനം ഒരു ചരിത്ര നാഴികക്കല്ലാണ്. മുമ്പ് ഫോക്‌സ്‌കോൺ, പെഗാട്രോൺ, വിസ്ട്രോൺ തുടങ്ങിയ പങ്കാളികളുമായി ചേർന്ന് ചൈനയിൽ മാത്രമാണ് അസംബിൾ ചെയ്തിരുന്നത്. തുടക്കത്തിൽ, ഐഫോൺ 16 പ്രോ യൂണിറ്റുകളിൽ ചൈനയിൽ അസംബിൾ ചെയ്‌തു എന്ന ലേബൽ ഉണ്ടായിരുന്നു. മറ്റ് നിരവധി ഐഫോൺ മോഡലുകൾ ഇതിനകം തന്നെ ഇന്ത്യയിൽ അസംബിൾ ചെയ്യുന്നുണ്ട്. ഇതിൽ ഐഫോൺ 14, ഐഫോൺ 15, മുഴുവൻ ഐഫോൺ 16 സീരീസും ഉൾപ്പെടുന്നു.

അതേസമയം ഇന്ത്യയിലെ റീട്ടെയിൽ സൗകര്യങ്ങളും ആപ്പിൾ വികസിപ്പിക്കുന്നുണ്ട്. ഡൽഹി , മുംബൈ സ്റ്റോറുകൾക്ക് പുറമേ, രാജ്യത്ത് നാല് സ്റ്റോറുകൾ കൂടി തുറക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് 2024 നവംബറിൽ സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരു, പൂനെ, ഡൽഹി -എൻസിആർ മേഖല എന്നിവിടങ്ങളിൽ കമ്പനി പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *