Your Image Description Your Image Description

അഭിനേതാക്കള്‍ സിനിമകള്‍ നിര്‍മ്മിക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ സിനിമകള്‍ നിര്‍മിക്കുന്ന വ്യക്തിയാണ്. നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് താന്‍ നിര്‍മാതാവായത്. അതിലെ ലാഭ-നഷ്ടങ്ങള്‍ മറ്റാരോടും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഒരു നിര്‍മാതാവ് എന്ന നിലയില്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നയാളാണ് ഞാന്‍. എന്റെ പൈസ, എന്റെ ഇഷ്ടത്തിന് സിനിമ എടുക്കണം എന്നാണ് എന്റെ ആഗ്രഹം. അത് എന്റെ അവകാശവുമാണ്. ആ പൈസ കൊണ്ട് ഞാന്‍ എന്ത് ചെയ്താലും അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. എന്റെ നഷ്ടവും ലാഭവും ആരോടും ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല. ഒരു നടനോട് സിനിമ നിര്‍മിക്കരുത് എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ഇതിന് നിയമങ്ങള്‍ ഒന്നുമില്ല. ഇന്‍ഡസ്ട്രിയില്‍ ആര് സിനിമ ചെയ്യണം എന്ന് എവിടെയും പറഞ്ഞിട്ടില്ല,’ എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

താരങ്ങളുടെ അമിത പ്രതിഫലത്തെക്കുറിച്ച് നിര്‍മാതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ താന്‍ അധികം പ്രതിഫലം വാങ്ങാറില്ല എന്നായിരുന്നു നടന്റെ മറുപടി. അഞ്ച് വര്‍ഷത്തോളമായി സ്വന്തം നിര്‍മാണ കമ്പനിയിലാണ് തന്‍ സിനിമകള്‍ ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *