Your Image Description Your Image Description

തിരുവനന്തപുരം: പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ രേഖകള്‍ പരിഗണിച്ചില്ലെന്ന് ഡോക്ടർ. കേസിൽ മകനെ വെറുതെവിട്ട കോടതി വിധിക്കെതിനെതിരെ അപ്പീല്‍ പോകണമെന്ന് പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. കാരോടു സ്വദേശി തങ്കപ്പനാണ് കമ്പിവടികൊണ്ടുള്ള മക​ന്റ അടിയേറ്റ് മരിച്ചത്. തങ്കപ്പനെ ചികിത്സിച്ച വനിതാ ഡോക്ടർ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കത്ത് കൈമാറി.

പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ലീന വിശ്വനാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജിയ്ക്ക് കത്ത് നല്‍കിയത്. 2016 ഡിസംബര്‍ 10-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ തങ്കപ്പനെ രാത്രി ഒരു മണിയോടെയാണ് ചികിത്സക്കായി പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തലയിലെ മുറിവ് തുന്നിക്കെട്ടി പ്രാഥമിക ചികിത്സ നല്കുന്നതിനിടയില്‍ രോഗി ഛര്‍ദ്ദിക്കുകയും അബോധാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ ഡോ. ലീന രോഗിയെ ഉടന്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്തു. എന്നാൽ തങ്കപ്പനെ ബന്ധുക്കള്‍ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു. പിറ്റേന്ന് ഉച്ചയോടെ രോഗി സ്വന്തം വീട്ടില്‍ മരണപ്പെട്ടു.

തലയില്‍ മകന്‍ കമ്പിവെച്ച് അടിക്കുകയായിരുന്നു എന്ന തങ്കപ്പെന്‍റെ മൊഴി ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നു. തങ്കപ്പന്‍റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ഇയാളെ വെറുതേ വിടുകയായിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന നിഗമനത്തോടെയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.

‘പാറശാല താലൂക്ക് ആശുപത്രിയില്‍ രോഗിയെ എത്തിച്ച സമയം തെളിവുകളോടെ പരിശോധിക്കപ്പെട്ടില്ല. പ്രാഥമിക ചികിത്സ നല്‍കിയ രേഖകള്‍ പരിഗണിച്ചില്ല. പാറശാല ആശുപത്രിയില്‍ നിന്നും ഒപി ടിക്കറ്റിലൂടെ മെഡിക്കല്‍ കോളെജിലേക്ക് തുടര്‍ ചികിത്സയ്ക്ക് റെഫര്‍ ചെയ്ത രോഗിയെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോയ ഗുരുതര കുറ്റകൃത്യ നടപടി മറയ്ക്കപ്പെട്ടു’ എന്നാണ് തങ്കപ്പനെ ചികിത്സിച്ച ഡോക്ടര്‍ ലീന ആരോപിക്കുന്നത്.
ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്‌സിങ് മുഖേനയാണ് പ്രോസിക്യൂഷൻ ഡയറക്ടറേറ്റിനെ ഡോക്ടർ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *