Your Image Description Your Image Description

ലിമ: പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് വൻ ദുരന്തം. ആറ് പേർ മരിക്കുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ലാ ലിബർറ്റാഡ് മേഖലയിലെ റിയൽ പ്ലാസ ട്രുജില്ലോ ഷോപ്പിംഗ് മാളിലെ ഇരുമ്പ് മേൽക്കൂരയാണ് തകർന്നത്. കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേൽക്കൂര വീണത്. അപകട കാരണം വ്യക്തമല്ല.

ഫുഡ് കോർട്ടിന്‍റെ മേൽക്കൂരയാണ് നിലംപൊത്തിയത്. നിരവധി പേർ ആ സമയത്ത് മാളിലുണ്ടായിരുന്നു. അഞ്ച് പേർ സ്ഥലത്തും ആറാമത്തെയാൾ ആശുപത്രിയിലും മരിച്ചുവെന്ന് പ്രതിരോധ മന്ത്രി വാൾട്ടർ അസ്റ്റുഡില്ലോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇനിയാരും അവശിഷ്ടങ്ങൾക്കിടയിൽ പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാൻ തെരച്ചിൽ നടത്തിയെന്ന് അഗ്നിശമന വിഭാഗം മേധാവി ലൂയിസ് റോങ്കൽ പറഞ്ഞു.

അപകട സാധ്യത കണക്കിലെടുത്ത് ഷോപ്പിംഗ് സെന്‍റർ അടച്ചുപൂട്ടുന്നതായി ട്രൂജില്ലോ മേയർ മരിയോ റെയ്‌ന അറിയിച്ചു. മറ്റ് മാളുകളിൽ സുരക്ഷാ പരിശോധന നടത്തുമെന്നും മേയർ അറിയിച്ചു. പരിക്കേറ്റ 30 പേരെ ഇതിനകം ഡിസ്ചാർജ് ചെയ്തിട്ടുണ്ടെന്നും 48 പേർ ആശുപത്രിയിൽ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *