Your Image Description Your Image Description

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന യുവതി ലഹരിമരുന്നുമായി പിടിയിലായത്. മുല്ലക്കോട് സ്വദേശിനിയായ നിഖിലയെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നാല് ഗ്രാം മെത്താഫിറ്റമിനാണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്. മുമ്പും ലഹ​രിക്കേസുകളിൽ പ്രതിയായിട്ടുള്ള യുവതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്താണ് നിഖില ആദ്യം വാർത്തകളിൽ ഇടംപിടിച്ചത്. പഠിക്കാൻ മിടുക്കിയായിരുന്നു ഈ യുവതി. പഠനശേഷം പയ്യന്നൂരിൽ ഒരു സ്ഥാപനത്തിൽ ഇവർ സെയിൽസ് ​ഗേളായി ജോലി ചെയ്തിരുന്നെന്നും വിവരമുണ്ട്. ഇതിനിടെയാണ് ബുള്ളറ്റിൽ വിവിധ സ്ഥലങ്ങളിലേക്ക് യാത്രകൾ ആരംഭിച്ചത്. കേരളത്തിന് പുറത്തേക്കും ബുള്ളറ്റിൽ ദീർഘദൂര യാത്രകൾ നടത്തിയതിനെ തുടർന്നാണ് ഇവർ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. പിന്നാലെ യുവതി മയക്കുമരുന്ന് സംഘങ്ങളുമായും ചങ്ങാത്തം സ്ഥാപിക്കുകയായിരുന്നു. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങൾ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉൾപ്പെടെ ഇവർ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.

യുവതിയുടെ മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. പയ്യന്നൂർ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവർ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്. ഇതിനുപിന്നാലെയാണിപ്പോൾ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്.

അന്ന് ഇതര സംസ്ഥാനങ്ങളിൽ അടക്കം അറിയപ്പെടുന്ന ലഹരിവിൽപ്പനക്കാരിയാണ് നിഖില. ചെറു പാക്കറ്റുകളിലാക്കി കഞ്ചാവ് വിൽക്കുന്നതായിരുന്നു നിഖിലയുടെ രീതി. അതേമാതൃകയിൽ ചെറിയ അളവിൽ മെത്താഫിറ്റമിൻ വിൽക്കുകയാണ് യുവതി ചെയ്തുവന്നത് എന്നാണ് എക്‌സൈസ് പറയുന്നത്. നിഖിലയുടെ സംഘാംഗങ്ങളിലേക്കും അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *