Your Image Description Your Image Description

കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത് പുണ്യദായകമാണ്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില്‍ നട്ടുവളർത്തുന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിട്ടുണ്ട്.ഭാരതത്തിൽ ഉടനീളം കാണാൻ കഴിയുന്ന വൃക്ഷം കൂടിയാണിത്. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു വിശ്വാസം. അതുകൊണ്ടു ശിവനും പാർവതിക്കും അർച്ചന നടത്താൻ കൂവളത്തില ഉപയോഗിക്കുന്നു. വില്വപത്രാർച്ചന ശിവക്ഷേത്രങ്ങളിൽ പ്രധാന വഴിപാടാണ്.

മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നത് ശിവകോപത്തിനു കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്. കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന് ഇലകൾ അടർ‌ത്താവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം.

പുണ്യവൃക്ഷമായി കരുതുന്നതിനാൽ സൂക്ഷ്മതയോടെ വേണം ഇവ വെക്കുന്നതും പരിപാലിക്കുന്നതും.ഔഷധ ഗുണങ്ങൾ ഏറെയുള്ളതിനാൽ ആയുർവേദ ചികിത്സകൾക്കായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളം. കൂവളത്തിന്റെ ഇലയും , തൊലിപ്പുറവും , ഫലവും , വിത്തുകളും ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നു. ചരക സംഹിതയിൽ കൂവളത്തിന്റെ ഔഷധ ഗുണങ്ങൾ വർണ്ണിച്ചിട്ടുണ്ട്.

 

കൂവളം നടുന്നതും ശ്രദ്ധാപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക്‌ അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബൈശ്വര്യം നിലനിര്‍ത്താൻ ഉത്തമം. ഒരു കൂവളം നട്ടാൽ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രദർശനം നടത്തിയ ഫലം, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയിൽ നീരാടിയ ഫലം എന്നീ സത്‌ഫലങ്ങൾ ലഭിക്കുമെന്ന് പുരാണങ്ങളിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *