Your Image Description Your Image Description

ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഒമ്പതാമത് യോഗം ഫെബ്രുവരി 17ന് കുവൈത്തില്‍ നടന്നു. ജനുവരി 20 ഗള്‍ഫ് ടൂറിസം ദിനമായി വര്‍ഷം തോറും ആഘോഷിക്കുമെന്നതാണ് പ്രധാന തീരുമാനം. ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്കല്‍ സെന്ററാണ് ഗള്‍ഫ് ടൂറിസം ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മേഖലയിലെ സാമ്പത്തിക, സാമൂഹിക വികസനത്തില്‍ അതിന്റെ പങ്കിനെക്കുറിച്ചും അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം.

സംയുക്ത പ്രൊമോഷണല്‍ പാക്കേജുകള്‍ക്കുള്ള ചട്ടക്കൂട് രൂപീകരിക്കുന്നതിനും അവയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിനും ഗള്‍ഫ് ടൂറിസം സ്ട്രാറ്റജി കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. പ്രധാന പ്രാദേശിക, അന്തര്‍ദേശീയ ടൂറിസം എക്സിബിഷനുകളില്‍ ഗള്‍ഫ് ടൂറിസത്തിനായി പ്രൊമോഷണല്‍ സെമിനാറുകള്‍ നടത്താനും തീരുമാനിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ ടൂറിസം സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പ്രൊമോഷണല്‍ ഡോക്യുമെന്ററി തയ്യാറാക്കുന്നതിനുള്ള നടപടികളും കമ്മിറ്റി സ്വീകരിക്കും.

2023ല്‍ 68.1 ദശലക്ഷം അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും 110.4 ബില്യണ്‍ ഡോളര്‍ വരുമാനം ലഭിച്ചെന്നും ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി പറഞ്ഞു. ആഗോള ടൂറിസം വരവില്‍ 5.2ശതമാനവും അന്തര്‍ദേശീയ ടൂറിസം വരുമാനത്തില്‍ 7.2ശതമാനവും ഇപ്പോള്‍ ജിസിസിക്കുണ്ട്. ഒരു ആഗോള ടൂറിസം കേന്ദ്രമായി ഗള്‍ഫ് വളരുകയാണെന്ന് ഇത് സ്ഥിരീകരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിസിസിയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് ടൂറിസം മേഖലയുടെ സംഭാവന 223.4 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. 2022 മുതല്‍ 2023 വരെ 29.4ശതമാനം വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി. തൊഴില്‍ മേഖലയില്‍ 2023ല്‍ 1.5 ദശലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 2020നെ അപേക്ഷിച്ച് 17 ശതമാനം വളര്‍ച്ചയാണിത്.

മേഖലാ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ടൂറിസം സ്ഥിതിവിവരക്കണക്കുകള്‍ക്കായുള്ള വാര്‍ഷിക പരിശീലന ശില്‍പശാലയ്ക്ക് യോഗം അംഗീകാരം നല്‍കി. ടൂറിസം മേഖലയിലെ മാനവ വിഭവശേഷി വികസനവും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. മേഖലയിലെ ടൂറിസം സേവനങ്ങളുടെ പ്രൊഫഷണിലിസം മെച്ചപ്പെടുത്തുന്നതിനായി ടൂറിസ്റ്റ് ഗൈഡുകള്‍ക്കായി ഏകീകൃത പാഠ്യപദ്ധതി വികസിപ്പിക്കാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *