Your Image Description Your Image Description

സിനിമകളും കഥകളും സമ്മാനിച്ച രക്തക്കൊതിയൻമാരുടെ ലോകത്തേക്ക് ഒരു യാത്ര നടത്തിയാലോ. കഥാകൃത്തുക്കൾ മെനഞ്ഞെടുത്ത ചിരഞ്ജീവികളായ ചില രക്തരക്ഷസ്സുകളെ സിനിമകളിലൂടെയും നോവലുകളിലൂടെയും നമ്മുക്ക് അറിയാം.അച്ചടിമഷി പുരണ്ട നാള്‍ മുതല്‍ ഭയത്തിന്റെ പര്യായമാണ് ഡ്രാക്കുള. രക്തദാഹിയായ ഡ്രാക്കുള പ്രഭു. 1897ല്‍ ഐറിഷ് എഴുത്തുകാരൻ ബ്രാം സ്റ്റോക്കർ സൃഷ്ടിച്ച, ഇന്നും വായനക്കാരെ ഭീതിയിലാഴ്ത്തുന്ന നായകനാണ് ഡ്രാക്കുള.

ട്രാൻസിൽവാനിയയിലെ കാർപാത്യൻ മലനിരകളിലാണ് കഥയിലെ ഡ്രാക്കുള കോട്ട സ്ഥിതി ചെയ്യുന്നതെങ്കിലും യഥാർഥത്തിൽ ഡ്രാക്കുള ജീവിച്ചിരുന്നത് റൊമാനിയയിലായിരുന്നു. ഓട്ടോമൻ രാജവംശത്തിലെ വ്ലാഡ് ടെപെഷ്, ലോകം കണ്ട ക്രൂരനായ ചക്രവർത്തിയായിരുന്നു.

രക്തപാനം ഒഴിച്ചാൽ ഡ്രാക്കുളയുടെ പ്രവൃത്തികളോടു സമാനമായിരുന്നു വ്ലാഡിന്റെ ചെയ്തികളും. യുദ്ധത്തടവുകാരായി പിടിക്കുന്ന ശത്രുക്കളെ ശൂലത്തിൽ കോർക്കുന്നതു പോലുള്ള ക്രൂരതകളിൽ ആനന്ദം കണ്ടെത്തിയിരുന്നു ഈ ചക്രവർത്തി. ബ്രാം സ്റ്റോക്കറിന് ഡ്രാക്കുളയെ സൃഷ്ടിക്കാൻ പ്രേരണയായത് വ്ലാഡ് ടെപെഷ് ആണെന്നാണ് പറയപ്പെടുന്നത്.

കഥകളിലൂടെ അവർ നമ്മെ വിസ്മയിപ്പിച്ച ആ പ്രേതഗൃഹങ്ങൾ ഇരുളിന്റെ മറയില്ലാതെ കാണാൻ, ചെറുതായൊന്നു പേടിക്കാൻ… അതായത് ഡ്രാക്കുള കോട്ടയിലേക്ക് ഒരു യാത്ര.തെക്ക് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമാനിയയിലാണ് ഈ ഡ്രാക്കുള കോട്ട സ്ഥിതിചെയുന്നത്.ചരിത്രവും സംസ്‌കാരവും ഇടകലര്‍ന്നു നില്‍ക്കുന്ന രാജ്യമാണ് റൊമാനിയ.

കൂറ്റന്‍ കോട്ടകളും പള്ളികളും കൊണ്ട് ചരിത്ര പ്രസിദ്ധമാണിവിടം. റൊമാനിയയിലെ ബ്രസൂവിനടതുത്ത് ബ്രാന്‍ എന്ന സ്ഥലത്താണ് ബ്രാന്‍ കോട്ട സ്ഥിതി ചെയ്യുന്നത്. സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ പേരില്‍ നിന്നു തന്നെയാണ് ഈ കോട്ടയ്ക്ക് ബ്രാന്‍ കോട്ട എന്ന പേരു ലഭിക്കുന്നത്.

ഡ്രാക്കുളയുടെ കോട്ടയ്ക്ക് വിനോദ സഞ്ചാര ഭൂപടത്തിൽ അത്ര ചെറുതല്ലാത്ത ഒരു പ്രാധാന്യം ഉണ്ട്. സഞ്ചാരികളെ മോഹിപ്പിക്കുന്ന ഡ്രാക്കുള കൊട്ടാരം ഇന്ന് മ്യൂസിയം ആയാണ് നിലനിൽക്കുന്നത്. ചങ്കൂറ്റമുണ്ടെങ്കിൽ സഞ്ചാരികൾക്ക് ധൈര്യമായി വന്ന് ഈ കോട്ട കണ്ടു പോകാം.

ഒരു ഗൈഡിന്റ സഹായത്തോടുകൂടിയോ അല്ലെങ്കിൽ ഒറ്റയ്ക്കോ കോട്ട കാണാൻ എത്തുന്ന സഞ്ചാരികൾ നിരവധിയാണ്.റൊമാനിയയിലെ പല വിഭാഗത്തിലുൾപ്പെട്ട പൗരാണിക മനുഷ്യരുടെ കൗതുകപരമായ വസ്തുക്കളും പ്രദർശനത്തിനു വച്ചിട്ടുണ്ട്. 2009 മുതലാണ് ബ്രാൻ കോട്ട സഞ്ചരികൾക്കായി തുറന്നത്.

1212 ല്‍ ആണ് ബ്രാന്‍ കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത്. ബർസൻ‌ലാൻ‌ഡിലെ ഒരു കോട്ടയുടെ സ്ഥാനമായി പർവതനിരയുടെ പ്രവേശന കവാടത്തിൽ ട്യൂട്ടോണിക് ഓർഡർ അനുസരിച്ച് ഡൈട്രിച്ച്സ്റ്റൈന്‍ വുഡന്‍ കാസില്‍ നിര്‍മ്മിച്ചു. 1242-ൽ ഈ കോട്ട മംഗോളിയക്കാർ നശിപ്പിക്കുന്നതു വരെ ഒരു പ്രധാന വ്യാപാര മാര്‍ഗ്ഗമായിരുന്നു ഇത്.

റൊമാനിയയിലെ അവസാന രാജ്ഞിയായ മാരി രാജ്ഞി ബ്രാൻ കാസിലിനെ ഒരു വസതിയായി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, 1920 ൽ ബ്രാസോവ് പട്ടണം കോട്ടയ്ക്ക് നൽകി, പിന്നീട് മകൾ ഇലിയാന രാജകുമാരിക്ക് ഇത് അവകാശമായി ലഭിച്ചു, എന്നിരുന്നാലും 1948 ൽ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ഇത് ഏറ്റെടുത്തു ഒടുവിൽ ഒരു മ്യൂസിയവുമാക്കി. 762 മീറ്റർ ഉയരത്തിൽ ഒരു മലഞ്ചെരുവിലാണ് ബ്രാൻ കാസിൽ സ്ഥിതിചെയ്യുന്നത്.

 

ഇരുപത്തിരണ്ടു ഏക്കറോളം നീണ്ടു കിടക്കുന്ന ബ്രാൻ കോട്ടയിൽ എഴുപതിലധികം മുറികളുണ്ട് .ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ കഴിയുന്നതല്ല ഡ്രാക്കുള കോട്ട. അതിശയകരമാണ് കോട്ടയുടെ വലിപ്പം. യൂറോപ്പിലെ അദ്ഭുതങ്ങളിൽ ഒന്നാണ് റൊമാനിയയിലെ ഏറ്റവും വലിയ ഈ കോട്ട.

ബ്രാൻ കോട്ടയിൽ ഒരു അസാധാരണ കിണർ ഉണ്ട്. മലഞ്ചെരിവിൽ കോട്ട സ്ഥിതിചെയ്യുന്നതിനാൽ ഇവിടെ കിണർ പണിയുന്നത് എളുപ്പമല്ലായിരുന്നു. പാറക്കൂട്ടത്തിന്റെ അടിത്തട്ടിലായിരുന്നു വെള്ളമെന്നതിനാല്‍പാറയിലൂടെ 60 അടി ആഴത്തിൽ കുഴിച്ചാണ് ഈ കിണര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കൂടാതെ ജലനിരപ്പിന് തൊട്ടു മുകളിലായി ഒരു രഹസ്യ മുറി ഇതിൽ ഉണ്ടായിരുന്നു. ശത്രുക്കള്‍ കോട്ട വളയുമ്പോള്‍ രക്ഷപെടുക എന്ന ലക്ഷ്യത്തിലാണിത് ഇങ്ങനെ നിര്‍മ്മിച്ചത്. മാത്രമല്ല, അടിയന്തര ഘട്ടങ്ങളില്‍ സ്വത്തുക്കള്‍ ഇവി‌ടെ ഒളിപ്പിക്കുവാനും സാധിക്കുമായിരുന്നു.ഇങ്ങനെ നിരവധി രഹസ്യ അറകളും മുറികളും ഈ കോട്ടയിൽ ഉണ്ട്.

റൊമാനിയയിൽ നിന്ന് ബ്രാനിലെത്താൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല. ബുച്ചാറെസ്റ്റിൽ നിന്നും ട്രെയിൻ പിടിച്ചാൽ നേരെ ബ്രസൂവിൽ എത്താം. ബ്രസൂവിൽ നിന്നും ബ്രാനിലേയ്ക്ക് സിറ്റി ബസുകൾ ലഭ്യമാണ്. വസന്തകാലത്തിൽ ബ്രാൻ കോട്ട സന്ദർശിക്കുന്നതാണ് ഏറ്റവും നല്ലത്.

 

ഭീതിയുണർത്തുന്ന രക്തദാഹികളുടെ കഥകൾക്ക് പശ്ചാത്തലമായ കാഴ്ചകൾ, അവ തേടിപ്പോകുന്നവർക്ക് ഏറെ ഹരം നൽകുന്നതാവും. അവിടേക്കുള്ള യാത്രകൾ ഭയത്തിനൊപ്പം രസകരമായ അനുഭവങ്ങളും സമ്മാനിക്കു.

Leave a Reply

Your email address will not be published. Required fields are marked *