Your Image Description Your Image Description

എറണാകുളം : സംസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഒരു സർക്കാരിൻ്റെ കാലത്ത് ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തീകരിക്കപ്പെടുന്നത്ആദ്യമായിട്ടാണെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

മുളന്തുരുത്തി റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി അനവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി പൂർത്തീകരിക്കുന്ന എട്ടാമത്തെ മേൽപ്പാലമാണ് മുളന്തുരുത്തിയിലേത്.

സർക്കാർ അനുമതിയോടെ 21. 28 കോടിയുടെ പുതുക്കിയ ഭരണാനുമതി നൽകിയാണ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കൽ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 25.32 കോടി രൂപ വകയിരുത്തി.

ഒരുപാട് സമയം യാത്രക്കാർക്ക് ലെവൽ ക്രോസ്സിൽ ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ഇതു പരിഹരിക്കാനാണ് കൂടുതൽ മേൽപ്പാലങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്. എട്ടു മേൽപ്പാലങ്ങളുടെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. അവ 2025 ഓടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ആകെ 60 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനായി 2028 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ 1800 കോടി കിഫ്ബി വഴിയാണ്. കിഫ്ബി സർക്കാരിൻ്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കേരളത്തിൻ്റെ വികസന കരുത്തിൽ പൊന്മുട്ടയിടുന്ന താറാവായി കിഫ്ബി മാറിയിട്ടുണ്ട്. റോഡ്, കെട്ടിടങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയ വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബി മികച്ച സംഭാവനയാണ് നൽകുന്നത്.

2016 മുതൽ പരിശോധിച്ചാൽ അനവധി പദ്ധതികൾ പശ്ചാത്തല വികസന മേഖലയിൽ നടപ്പിലാക്കിയിട്ടുണ്ട്. തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന സ്വപ്നത്തിൻ്റെ ഭാഗമായിട്ടാണ് ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിക്ക് രൂപം നൽകിയത്.

പിറവം നിയോജകമണ്ഡലത്തിന്റെ സാധ്യമാകുന്ന എല്ലാ വികസന പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.അനവധി ഘട്ടങ്ങളിലൂടെ കടന്നുപോയ മുളന്തുരുത്തി റെയിൽവേ മേൽപ്പാല പദ്ധതി നാടിന്റെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പൂർത്തീകരിക്കാൻ സാധിച്ചതെന്നു ചടങ്ങിൽ ആധ്യക്ഷം വഹിച്ച അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.

കേരള സർക്കാർ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ മുഖേനയാണ് മുളന്തുരുത്തി റെയിൽവേ മേൽപ്പാലം നിർമ്മാണ പദ്ധതികൾ പൂർത്തീകരിച്ചത്. പിറവം മണ്ഡലത്തിലെ ചോറ്റാനിക്കര – മുളന്തുരുത്തി റോഡിലെ ലെവൽ ക്രോസ് നമ്പർ 12ന് പകരമായാണ് മേൽപ്പാലം പൂർത്തീകരിച്ചിട്ടുള്ളത്. മേൽപാലത്തിൻ്റെ നിർമ്മാണത്തിനായി 58.25 ആർ ഭൂമി സർക്കാർ ഏറ്റെടുക്കുകയും 4.19 കോടി ഇതിനായി ചെലവാക്കുകയും ചെയ്തു.

രണ്ടു വരി ഗതാഗതം സാധ്യമാകുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള മേൽപ്പാലത്തിന് 530 മീറ്റർ നീളവും,9.50 മീറ്റർ വീതിയും ഉണ്ട്. പാലത്തിന് ഒരുവശത്ത് നടപ്പാതയും ഇരുവശത്തും സർവീസ് റോഡുകളും നിർമ്മിച്ചിട്ടുണ്ട്.

അഡ്വ കെ ഫ്രാൻസിസ് ജോർജ്ജ് എം പി ചടങ്ങിൽ മുഖ്യാതിഥിയായി. ജോസ് കെ മാണി എംപി ഓൺലൈനായും ചടങ്ങിൽ പങ്കെടുത്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, എംഎൽഎമാരായ വിജെ പൗലോസ് എം.ജെ ജേക്കബ്, ആർ ബി ഡി സി കെ അഡീഷണൽ ജനറൽ മാനേജർ ഐസക്ക് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *