Your Image Description Your Image Description

ക്വലാലംപൂര്‍: ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണായ മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ ആഗോളതലത്തില്‍ പുറത്തിറക്കി വാവെയ്. ക്വലാലംപൂരില്‍ വെച്ചാണ് വാവെയ് മേറ്റ് എക്സ്ടി ലോഞ്ചിങ് നടന്നത്. ഇതുവരെ വാവെയ് മേറ്റ് എക്സ്‌ടി ചൈനയില്‍ മാത്രമാണ് ലഭ്യമായിരുന്നത്. മൂന്ന് സ്ക്രീനുകളുള്ള, രണ്ട് തവണ മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ്. ആഗോളവിപണിയില്‍ 3499 യൂറോയാണ് (ഏകദേശം 3,18,262 ഇന്ത്യന്‍ രൂപ) ഫോണിന്റെ പ്രാരംഭ വില.

അതേസമയം, ഏതൊക്കെ രാജ്യങ്ങളില്‍ വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ലഭ്യമാകും എന്ന് വ്യക്തമല്ല. 2024 സെപ്റ്റംബറിലാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ചൈനയില്‍ ആദ്യം ലോഞ്ച് ചെയ്തത്. ലോഞ്ചിന് പിന്നാലെ ചൈനയില്‍ റെക്കോര്‍ഡ് പ്രീ-ഓര്‍ഡര്‍ ഫോണിന് ലഭിച്ചിരുന്നു. പൂര്‍ണമായും തുറന്നുവെക്കുമ്പോള്‍ 3.6 എംഎം മാത്രമാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റിന്റെ കട്ടി. ക്യാമറ ഭാഗം ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.

തുറന്നിരിക്കുമ്പോള്‍ 10.2 ഇ‌ഞ്ച് LTPO OLED സ്ക്രീനും ഒരുതവണ മടക്കിയാല്‍ 7.9 ഇഞ്ച് സ്ക്രീനും രണ്ടാമതും മടക്കിയാല്‍ 6.4 ഇഞ്ച് സ്ക്രീനുമാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റിനുള്ളത്. കിരിന്‍ 9010 ചിപ്സെറ്റിന്‍റെ കരുത്തില്‍ വരുന്ന ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഹാര്‍മണി ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. OIS സൗകര്യത്തോടെ 50 എംപി പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 5.5x ഒപ്റ്റിക്കല്‍ സൂമും OIS-ഓടെയും 12 എംപി പെരിസ്കോപ് ടെലിഫോട്ടോ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ എന്നിവ ഫോണിന്റെ മറ്റ് ഫീച്ചറുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *