Your Image Description Your Image Description

2024-ൽ യൂസ്‍ഡ് കാർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്‍ടിച്ച്‌ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. കമ്പനി 1,57,503 യൂണിറ്റ് യൂസ്‍ഡ് കാറുകൾ വിറ്റു. കമ്പനിയുടെ എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയാണിത്. വാർഷികാടിസ്ഥാനത്തിൽ 5.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 35,553 സർട്ടിഫൈഡ് പ്രീ-ഓൺഡ് കാറുകൾ വിറ്റതായി ഹ്യുണ്ടായ് പറഞ്ഞു. ഇത് മൊത്തം 1.57 ലക്ഷം യൂണിറ്റ് വിൽപ്പനയുടെ 23 ശതമാനമാണ്.

ഹ്യുണ്ടായി ക്രെറ്റ, i20, ഗ്രാൻഡ് i10 എന്നിവയായിരുന്നു ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകൾ. മൊത്തം സർട്ടിഫൈഡ് പ്രീ-ഓൺഡ് കാർ വിൽപ്പനയുടെ 55 ശതമാനം ഹ്യുണ്ടായി i20 , ക്രെറ്റ , ഗ്രാൻഡ് i10 തുടങ്ങിയ മോഡലുകളാണെന്ന് ഹ്യുണ്ടായി പറയുന്നു. സർട്ടിഫൈഡ് പ്രീ-ഓൺഡ് കാർ വിൽപ്പനയിൽ ക്രെറ്റ മാത്രം 13 ശതമാനം സംഭാവന ചെയ്തു . വെന്യു, ക്രെറ്റ പോലുള്ള മോഡലുകൾക്ക് മൂന്നാം വർഷത്തിനു ശേഷവും അവയുടെ യഥാർത്ഥ വിലയുടെ 70 ശതമാനത്തിലധികം ലഭിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു.

ഇന്ത്യയിലുടനീളമുള്ള 600-ലധികം ഡീലർമാർ വഴി ഹ്യുണ്ടായ് പ്രോമിസ് പ്രോഗ്രാം വഴി കമ്പനി പ്രീ-ഓൺഡ് കാറുകൾ വിൽക്കുന്നുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ പ്രീ-ഓൺഡ് കാർ പ്രോഗ്രാം എന്നാണ് ഹ്യുണ്ടായി പ്രോമിസ് അവകാശപ്പെടുന്നത്. ഹ്യുണ്ടായിയുടെ ഓൺലൈൻ ‘ക്ലിക്ക്-ടു-ബൈ’ പ്ലാറ്റ്‌ഫോം വഴിയും പ്രീ-ഓൺഡ് കാറുകൾ വിൽക്കാനും വാങ്ങാനും കഴിയും.

അതേസമയം, ഹ്യുണ്ടായ് പ്രോമിസ് വഴി വിൽക്കുന്ന സർട്ടിഫൈഡ് പ്രീ-ഓൺഡ് കാറുകൾ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് കർശനമായ 161 പോയിന്റ് ചെക്ക്‌ലിസ്റ്റിലൂടെ കടന്നുപോകുമെന്ന് കമ്പനി പറയുന്നു. 7 വർഷത്തിന് താഴെയുള്ള കാറുകൾക്ക് 1 വർഷത്തെ സമഗ്ര വാറന്റി, 7 മുതൽ10 വർഷത്തിനിടയിലുള്ള കാറുകൾക്ക് 6 മാസത്തെ എഞ്ചിൻ, ട്രാൻസ്മിഷൻ വാറന്റി എന്നിവയുൾപ്പെടെ അധിക ആനുകൂല്യങ്ങളോടെയാണ് ഈ കാറുകൾ വാഗ്ദാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *