Your Image Description Your Image Description

പാലക്കാട് : നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതോടൊപ്പം നിര്‍മാണ പ്രവൃത്തിയില്‍ സുതാര്യത കൊണ്ടു വരികയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ബി.എം. ആന്റ് ബി.സി നിലവാരത്തില്‍ നവീകരിച്ച ശ്രീകൃഷ്ണപുരം- മുറിയങ്കണ്ണി റോഡ് ഒന്നാം ഘട്ട ഉദ്ഘാടനം, രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം എന്നിവ മുറിയങ്കണ്ണിയിലും ഞെട്ടരക്കടവ്- പൊമ്പ്ര റോഡിന്റെ ഉദ്ഘാടനം പൊമ്പ്രയിലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പശ്ചാത്തല വികസനമേഖലയില്‍ വന്‍ മുന്നേറ്റമാണ് ഈ സര്‍ക്കാറിന്റെ കാലത്ത് ഉണ്ടായത്. സംസ്ഥാന സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് മാത്രമാണ് ദേശീയപാത 66 ന്റെ വികസനം നടപ്പാക്കാന്‍ സാധിച്ചത്. 5580 കോടി രൂപയാണ് ദേശീയപാത 66 ന്റെ വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ഗ്രാമീണ മേഖലയില്‍ അടക്കം ഉന്നത നിലവാരത്തിലുള്ള റോഡുകള്‍ സാധ്യമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. കഴിഞ്ഞ മൂന്നര വര്‍ഷംകൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 60 % റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. 100 പാലങ്ങള്‍ അഞ്ചുവര്‍ഷംകൊണ്ട് നിര്‍മിക്കുക എന്ന ലക്ഷ്യം മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനായി. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഇതിലേറെയും സാധ്യമായത്. റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനത്തിലൂടെ റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതില്‍ ജനപ്രതിനിധികളും പൊതുജനങ്ങളും പങ്കാളികളാവണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

31.6 കോടി രൂപ ചെലവഴിച്ചാണ് ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോവുന്ന ശ്രീകൃഷ്ണപുരം- മുറിയങ്കണ്ണി റോഡിന്റെ നിര്‍മാണം (ഒന്നാം ഘട്ടം) പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടമായ മുറിയങ്കണ്ണി പാലം മുതല്‍ പൂവത്താണി ജങ്ഷന്‍ വരെയുള്ള നവീകരണത്തിന് 23.11 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മുറിയങ്കണ്ണിയില്‍ നടന്ന ചടങ്ങില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ജയലക്ഷ്മി (വെള്ളിനേഴി), സി. രാജിക (ശ്രീകൃഷ്ണപുരം), ജില്ലാ പഞ്ചായത്ത് അംഗം കെ. ശ്രീധരന്‍ മാസ്റ്റര്‍, കെ.ആര്‍.എഫ്.ബി- പി.എം.യു എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.എ ജയ, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ഞെട്ടരക്കടവ്- പൊമ്പ്ര റോഡ് മൂന്നു കോടി രൂപ ചെലവിലാണ് ബി.എം. ആന്റ് ബി.സി നിലവാരത്തില്‍ നവീകരിച്ചത്. പൊമ്പ്ര ജങ്ഷനില്‍ നടന്ന ചടങ്ങില്‍ അഡ്. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹനീഫ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീധരന്‍ മാസ്റ്റര്‍, പി. മൊയ്തീന്‍കുട്ടി, പി.ഡബ്ല്യു.ഡി (നിരത്തുകള്‍ വിഭാഗം) സൂപ്രണ്ടിങ് എഞ്ചിനീയര്‍ യു.പി ജയശ്രീ, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *