Your Image Description Your Image Description

നീണ്ട കരിയർ ബ്രേക്കിനുശേഷം വീണ്ടുമൊരു തുടക്കത്തിനായി തൊഴിലവസരം തേടിയെത്തിയ വിവാഹിതർ, അമ്മമാരായ യുവതികൾ, തൊഴിൽമാറ്റത്തിനായി മികച്ച അവസരങ്ങൾ പ്രതീക്ഷിച്ചെത്തിയ യുവതീ- യുവാക്കൾ, സുരക്ഷിത ജീവിതമാർഗ്ഗം പ്രതീക്ഷിച്ചെത്തിയ ഭിന്നശേഷിക്കാർ, പഠനം പൂർത്തിയാക്കി ആദ്യമായി ജോലിക്ക് അപേക്ഷിക്കാനെത്തിയവർ ഇങ്ങനെ പലവിധ സാഹചര്യങ്ങൾക്കിടയിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് ശനിയാഴ്ച്ച നടന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിലേക്ക് ജീവിതത്തിൽ പുതിയ തുടക്കം സ്വപ്നം കണ്ടെത്തിയത്.

രാവിലെ എട്ട് മണിക്കാണ് റിപ്പോർട്ടിങ് സമയം നൽകിയിരുന്നതെങ്കിലും അതിനും മുമ്പുതന്നെ ഉദ്യോഗാർഥികൾ തൊഴിൽമേള നടക്കുന്ന എസ് ഡി കോളേജിലേക്ക് എത്തിതുടങ്ങി. ഇവർക്കാവശ്യമുള്ള സഹായങ്ങൾ ഉറപ്പാക്കുന്നതിനായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾകളിൽ നിന്നെത്തുന്നവർക്കായി 12 ഉം നഗരസഭകളിൽ നിന്നെത്തുന്നവർക്കായി ആറും രജിസ്ട്രേഷൻ കൗണ്ടറുകൾ ഒരുക്കിയിരുന്നു. തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഗൂഗിൾ ഫോം പൂരിപ്പിച്ചശേഷം ടോക്കൺ ഐഡിയും ജോബ് ഐഡിയും നൽകുന്ന പ്രവർത്തനമാണ് രജിസ്ട്രേഷൻ കൗണ്ടറുകളിൽ നടന്നത്. കൂടാതെ സ്പോട്ട് രജിസ്ട്രേഷന് രണ്ട് കൗണ്ടറുകളും ഒരുക്കി. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന നിരവധിപേർ സ്പോട് രജിസ്ട്രേഷൻ സൗകര്യം പ്രയോജനപ്പെടുത്തി. ഇതിനു പുറമേ രണ്ട് ഹെൽപ്പ് ഡെസ്ക്കുകളും മറ്റു ജില്ലയിൽ നിന്നെത്തുന്നവർക്കുള്ള കൗണ്ടറും ഒരുക്കിയിരുന്നു. തിരക്ക് കൂടിയപ്പോൾ രജിസ്ട്രേഷൻ നടപടികളിൽ തടസം വരാതിരിക്കുന്നതിന് ഉദ്യോഗാർഥികളെ സഹായിക്കാനായി അതിവേഗ രജിസ്ട്രേഷനുള്ള വാർറൂമും സജ്ജമാക്കി. ദേശീയവും അന്തർ ദേശീയവും പ്രദേശികവുമായി നിരവധി കമ്പിനികൾ മേളയിൽ പങ്കെടുത്തു. അവര്‍ക്കായി എസ്.ഡി കോളജിലും എസ്.ഡി.വി കോളേജിലുമായാണ് അഭിമുഖ മുറികള്‍ സജ്ജീകരിച്ചത്. തൊഴില്‍മേളയുടെ വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തകഴി യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സും, പൊലീസ്, ആംബുലൻസ്, ആരോഗ്യവകുപ്പ് സേവനങ്ങളും ഒരുക്കിയിരുന്നു.
അഭിമുഖം നടത്തുന്ന മുറിയിലേക്ക് ഉദ്യോഗാർത്ഥികളെ വഴികാട്ടുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും എസ് ഡി കോളേജിലെ എൻ.സി.സി., നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിൻ്റെയും സേവനവും ലഭ്യമായിരുന്നു.
കടുത്ത ചൂട് കണക്കിലെടുത്ത് ഉദ്യോഗാർഥികൾക്കായി തൊഴില്‍മേള വേദിയുടെ പലഭാഗങ്ങളിലായി കുടിവെള്ള സംവിധാനവും ഒരുക്കിയിരുന്നു. കൂടാതെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫുഡ്‌ കോർട്ടും പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *