Your Image Description Your Image Description

മുംബൈ: അഞ്ചുഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് സമുദ്രാന്തര്‍ കേബിള്‍ ശൃംഖലയൊരുക്കാന്‍ പ്രൊജക്റ്റ് വാട്ടര്‍വര്‍ത്ത് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ. ഇന്ത്യയെ അമേരിക്കയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടും. ഭൂമിയുടെ ചുറ്റളവിനെക്കാള്‍ കൂടുതല്‍ ദൂരത്തില്‍ വരുന്ന കേബിള്‍ ശൃംഖല 2039-ഓടെ പൂര്‍ത്തിയാക്കാനാണ് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കേബിള്‍ സ്ഥാപിക്കാന്‍ ഫണ്ട് ലഭ്യമാക്കുന്നതില്‍ ഇന്ത്യ പങ്കാളിയാകും. ഈ ഭാഗത്തെ കേബിളിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും നിര്‍വഹിക്കാനും ധാരണയായിട്ടുണ്ട്.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ ശൃംഖലയായിരിക്കുമിത്. നിലവിലുള്ളവയെക്കാള്‍ അത്യാധുനിക സാങ്കേതികവിദ്യയിലുള്ള കേബിള്‍ ശൃംഖലയുടെ ശേഷിയും വളരെ ഉയര്‍ന്നതായിരിക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

ആഗോളതലത്തില്‍ അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്നത് സമുദ്രാന്തര്‍ കേബിള്‍ ശൃംഖലയെയാണ്. മെറ്റയുടെ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങി പ്രധാന രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ കണക്ടിവിറ്റി ശക്തമാകും.തീരദേശങ്ങളില്‍ കപ്പലുകള്‍ പോകുമ്പോഴും മറ്റും കേബിളുകള്‍ക്ക് കേടുവരാത്ത രീതിയിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാകും ഇവ സ്ഥാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *