Your Image Description Your Image Description

മുംബൈ: ചാമ്പ്യൻസ് ട്രോഫിയില്‍ പങ്കെടുക്കാനായി ദുബായിലേക്ക് തിരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ സംഘം. ക്യാപ്റ്റന്‍ രോഹിത് ശർമ, വിരാട് കോഹ്‌ലി, കോച്ച് ഗൗതം ഗംഭീര്‍ എന്നിവരടങ്ങുന്ന ആദ്യ സംഘമാണ് ദുബായിലേക്ക് തിരിച്ചത്. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ടീം അംഗങ്ങള്‍ ദുബായിലേക്ക് പോകുന്നത്. കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഹർഷിത് റാണ, റിഷഭ് പന്ത്, ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍, ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടക്, ഫീല്‍ഡിംഗ് കോച്ച് റിയാന്‍ ഡോഷെറ്റെ എന്നിവരാണ് ഇന്ന് ദുബായിലേക്ക് തിരിച്ച ഇന്ത്യൻ സംഘത്തിലുള്ളത്.

19ന് പാകിസ്ഥാനില്‍ തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ 20ന് ദുബായില്‍ ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ ഏര്‍പ്പെടുത്തിയ കര്‍ശന പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷമുള്ള ഇന്ത്യൻ ടീമിന്‍റെ ആദ്യ വിദേശയാത്ര കൂടിയാണിത്. മൂന്നാഴ്ച ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്‍റായതിനാല്‍ ടീം അംഗങ്ങള്‍ക്ക് കുടുംബത്തെ കൂടെ കൊണ്ടുപോകാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇന്ന് വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീമിനൊപ്പം കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇറങ്ങുന്നത്. പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാട് മൂലം ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലില്‍ ദുബായിലാണ് നടക്കുന്നത്. ഈ മാസം 23നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *