Your Image Description Your Image Description

അഹമ്മദാബാദ്: അടുത്ത ആഴ്ച ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പട്ടെങ്കിലും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പീറ്റേഴ്സണ്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയിട്ടില്ല. വരുണിന് പകരം കുല്‍ദീപ് യാദവിനാണ് പീറ്റേഴ്സണ്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയത്. പേസറായി അര്‍ഷ്ദീപ് സിംഗിനെയും താന്‍ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

അര്‍ഷ്ദീപ്, മുഹമ്മദ് ഷമി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരടങ്ങുന്നതാകണം ഇന്ത്യയുടെ പേസ് നിരയെന്നും സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും പ്ലേയിംഗ് ഇലവനില്‍ കളിക്കണമെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കണമെന്നും രാഹുലിനെ അഞ്ചാം നമ്പറില്‍ തന്നെ കളിപ്പിക്കണമെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിലും അക്സര്‍ പട്ടേലിന് ശേഷം ആറാമനായാണ് രാഹുല്‍ ബാറ്റിംഗിനിറങ്ങിയത്. എന്നാല്‍ കളിക്കാന്‍ കൂടുതല്‍ പന്തുകള്‍ ലഭിക്കാനുള്ള അവസരം അഞ്ചാം നമ്പറിലാണെന്നതിനാല്‍ രാഹുലിനെ നേരത്തെ ഇറക്കുന്നതാവും ഉചിതമെന്നും പീറ്റേഴ്സണ്‍ വ്യക്തമാക്കി. വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും രോഹിത്തും ശ്രേയസും ഗില്ലും ചേരുമ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് നിര കരുത്തുറ്റതാകുമെന്നും പീറ്റേഴ്സണ്‍ വ്യക്തമാക്കി.

ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *