Your Image Description Your Image Description

ബെംഗളൂരു: രജത് പാട്ടീദാറിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായെത്തി വിരാട് കോഹ്‍ലി. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു കോഹ്‍ലിയുടെ പ്രതികരണം. രജത്തിനെ ആദ്യമായി അഭിനന്ദിക്കുകയാണെന്ന് കോഹ്‍ലി പറഞ്ഞു. നിങ്ങൾ ഈ ഫ്രാഞ്ചൈസിയിൽ വളർന്നു വന്ന രീതിക്കും നടത്തിയ പ്രകടനത്തിനും നന്ദി അറിയിക്കുകയാണെന്ന് കോഹ്‍ലി പറഞ്ഞു. ഒമ്പത് വർഷം ആർ.സി.ബിയെ നയിച്ചത് കോഹ്‍ലിയായിരുന്നു. 2016ലെ ഫൈനലിലും ആർ.സി.ബിയെ നയിച്ചത് വിരാട് കോഹ്‍ലിയായിരുന്നു.

‘എല്ലാ ആർ.സി.ബി ആരാധകരുടേയും ഹൃദയത്തിലാണ് നിങ്ങളുടെ സ്ഥാനം. അർഹതപ്പെട്ട സ്ഥാനമാണ് നിങ്ങൾക്ക് ലഭിച്ചത്. എല്ലാ ടീമംഗങ്ങളും നിങ്ങളെ പിന്തുണക്കാനായി ഒപ്പമുണ്ടാകും. ആർ.സി.ബിയുടെ ക്യാപ്റ്റൻ സ്ഥാനമെന്നത് വലിയ ഉത്തരവാദിത്തമാണ്. വർഷങ്ങളായി ഞാൻ ഇത് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫാഫും ഇത് ചെയ്യുന്നു. ഈ ഫ്രാഞ്ചൈസിയെ നയിക്കുന്ന ഒരാളായി മാറുന്നത് വലിയ ബഹുമതിയാണ്. അത് മികച്ച രീതിയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും’ കോഹ്‍ലി പറഞ്ഞു.

അതേസമയം നേരത്തെ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ പുതിയ ക്യാപ്റ്റനായി രജത് പാട്ടീദാറിനെ തെരഞ്ഞെടുത്തിരുന്നു. മെഗാ ലേലത്തിന് മുമ്പ് 11 കോടി രൂപ നൽകിയാണ് രജത് പാട്ടീദാറിനെ ആർ.സി.ബി നിലനിർത്തിയത്. 20 ലക്ഷം രൂപക്കായിരുന്നു പാട്ടീദാറിനെ ആദ്യമായി ബംഗളൂരു ടീമിലെടുക്കുന്നത്. 2022 ഐ.പി.എല്ലിൽ 333 റൺസുമായി റൺ വേട്ടയിൽ ആർ.സി.ബി താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്താൻ പാട്ടീദാറിനു സാധിച്ചു. 2023 സീസൺ പരുക്കു കാരണം താരത്തിന് നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിൽ 50 ലക്ഷം രൂപയ്ക്കാണ് പാട്ടീദാർ ആര്‍സിബിയിൽ കളിച്ചത്. 2024 ൽ 15 മത്സരങ്ങളിൽനിന്ന് അഞ്ച് അർധ സെഞ്ച്വറികളടക്കം 395 റൺസാണ് രജത് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *