Your Image Description Your Image Description

കാലിഫോര്‍ണിയ: വിദൂരത്തുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ഏറ്റവും പുതിയ ദൗത്യമായ പാൻഡോറയുടെ വിക്ഷേപണം ഈ വർഷം തന്നെയുണ്ടാകുമെന്ന് റിപ്പോർട്ട്. ഈ ദൗത്യത്തിന്‍റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഘടന, ഊര്‍ജം, അവശ്യ സംവിധാനങ്ങൾ എന്നിവ നൽകുന്ന സ്‍പേസ് ക്രാഫ്റ്റ് ബസിന്‍റെ നിർമ്മാണം പൂർത്തിയായി.

പാൻഡോറ വിക്ഷേപണം അടുത്തെന്നും ബഹിരാകാശ പേടകത്തിന്‍റെ തലച്ചോറുകൾ ഉൾക്കൊള്ളുന്ന സ്‍പേസ് ക്രാഫ്റ്റ് ബസ് പൂർത്തിയാക്കുക എന്നത് ഒരു വലിയ നേട്ടമാണെന്നും നാസ വ്യക്തമാക്കി. വിദൂര ഗ്രഹങ്ങളെയും അവയുടെ അന്തരീക്ഷത്തിന്‍റെ ഘടനയെയും കുറിച്ച് പഠിക്കാൻ പാൻഡോറ ശാസ്ത്രജ്ഞരെ സഹായിക്കും. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ (JWST) കൂടുതൽ ആപ്ലിക്കേഷനുകൾ വരുന്നതോടെ, വാസയോഗ്യതയുടെ പ്രധാന സൂചകങ്ങളായ മേഘങ്ങൾ, മൂടൽമഞ്ഞ്, വെള്ളം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദൂര ഗ്രഹങ്ങളുടെ നിഗൂഢതകൾ അനാവരണം ചെയ്യുന്നതിൽ പാൻഡോറ നിർണായക പങ്ക് വഹിക്കും എന്നാണ് നാസയുടെ പ്രതീക്ഷ.

ഒരു ചെറിയ ഉപഗ്രഹമാണ് പാൻഡോറ. നിലവിലുള്ള ദൂരദർശിനികൾ അവശേഷിപ്പിക്കുന്ന വിടവുകൾ നികത്തുക എന്നതാണ് പാന്‍ഡോറ പ്രധാന ലക്ഷ്യം. ഗ്രഹസംക്രമണങ്ങളുടെ ദീർഘകാല നിരീക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പ്രപഞ്ചത്തിലെ ഗ്രഹങ്ങളുടെ രൂപീകരണം, പരിണാമം, സാധ്യതയുള്ള ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തുന്നതിന് എക്‌സോപ്ലാനറ്റ് മോഡലുകൾ പരിഷ്‍കരിക്കാൻ പാൻഡോറ ശാസ്ത്രജ്ഞരെ സഹായിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രധാന ദൗത്യത്തിൽ, പാന്‍ഡോറ കുറഞ്ഞത് 20 എക്സോപ്ലാനറ്റുകളെ 10 തവണ നിരീക്ഷിക്കുമെന്നും ഓരോ നിരീക്ഷണവും 24 മണിക്കൂർ നീണ്ടുനിൽക്കുമെന്നും നാസ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *