Your Image Description Your Image Description

ബ്രിട്ടൻ: റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ വാഗ്ദാനം വിശ്വസിച്ചാണ് ദമ്പതികൾ വൻ തുക നൽകി വീട് വാങ്ങിയത്.
എന്നാൽ വീട്ടിൽ നിശാ ശലഭങ്ങളെകൊണ്ട് ജീവിക്കാൻ കഴിയാതെ പൊറുതിമുട്ടിയിരിക്കുകയാണ് ഇവർ. സംഭവം കേസായതോടെ വീട് വാങ്ങിയ ദമ്പതികൾക്ക് പണം തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. ജോർജ്ജിയയിൽ നിന്നുള്ള കോടിപതിയുടെ മകളും ഭർത്താവുമാണ് ലണ്ടനിൽ 32 മില്യൺ പൌണ്ട് (ഏകദേശം 3436710400 രൂപ) ചെലവിട്ട് വീട് വാങ്ങിയത്. 2019ലാണ് ഏഴ് കിടപ്പുമുറികളുള്ള നോട്ടിംഗ് ഹില്ലിലെ ഹോർബറി വില്ല എന്ന വിക്ടോറിയൻ കാലഘട്ടത്തിലെ ബംഗ്ലാവ് ദമ്പതികൾ സ്വന്തമാക്കിയത്. നീന്തൽക്കുളം, സ്പാ, ദിം, വൈൻ റൂം, ലൈബ്രറി, ഹോം തിയേറ്റർ, കൂർക്കം വലിച്ചുറങ്ങാൻ സജ്ജീകരിച്ച സ്നോറിംഗ് മുറി അടക്കമുള്ളതാണ് വീടെന്നായിരുന്നു റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ വാഗ്ദാനം.

വീട് വാങ്ങി ഇവിടേക്ക് താമസം മാറി ദിവസങ്ങൾക്കുള്ളിൽ ഇയ പടർകാറ്റ്സിഷിയും ഭർത്താവ് ഡോ യെവ്ഹെൻ ഹുൻയാകിനും എന്തൊക്കെയോ അസ്വഭാവികത തോന്നിയിരുന്നു. പിന്നീടാണ് ഇവരുടെ നിത്യ ജീവിതം അടക്കമുള്ളവ വലിയ രീതിയിൽ ബാധിക്കുന്ന രീതിയിൽ നിശാശലഭങ്ങളുടെ ശല്യം തുടങ്ങുകയായിരുന്നു. ഭക്ഷണം തയ്യാറാക്കി പാത്രങ്ങളിൽ വയ്ക്കാനോ വൈൻ ഗ്ലാസിലൊഴിക്കാനോ പറ്റാത്ത നിലയിൽ എന്തിനധികം പറയണം ദമ്പതികളുെട കുട്ടികളുടെ ടൂത്ത് ബ്രഷ് വരെ നിശാശലഭങ്ങളും ശലഭപ്പുഴുക്കളും താവളമാക്കി.

ഇതോടെയാണ് ബംഗ്ലാവ് വിറ്റയാൾക്കെതിരെ ദമ്പതികൾ കോടതിയിലെത്തിയത്. ദിവസം തോറും നൂറിലേറെ നിശാശലഭങ്ങളെ വരെ വീടിനുള്ളിൽ നിന്ന് നീക്കം ചെയ്യേണ്ടി വരുന്ന സ്ഥിതിയെന്നാണ് ദമ്പതികൾ കോടതിയെ അറിയിച്ചത്. ബംഗ്ലാവ് വാങ്ങാനായി തീരുമാനം എടുക്കുന്നതിന് മുൻപ് 11 തവണ ദമ്പതികളും ഇവരുടെ ജീവനക്കാരും ഇവിടെ സന്ദർശിച്ചിരുന്നുവെന്നാണ് ഇവർ കോടതിയിൽ വിശദമാക്കിയത്. തിങ്കളാഴ്ചയാണ് ലണ്ടനിലെ ഹൈക്കോടതി ജസ്റ്റിസ് ഫാൻകോർട്ട് കേസിൽ ദമ്പതികൾക്ക് വൻതുക തിരികെ നൽകാൻ റിയൽ എസ്റ്റേറ്റ് വ്യാപാരിക്ക് നിർദ്ദേശം നൽകിയത്. ലണ്ടനിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ വുഡ്വാർഡ് ഫിഷറിനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

വൻ തുക ലഭ്യമാകാൻ വേണ്ടി റിയൽ എസ്റ്റേറ്റ് ഡെവലപ്പർ സത്യാവസ്ഥ മറച്ചുവച്ച് ദമ്പതികളെ വഞ്ചിക്കാൻ ശ്രമിച്ചുവെന്നാണ് കോടതി പറഞ്ഞത്. വസ്തു വാങ്ങിയവർക്ക് തുടർന്ന് ബുദ്ധിമുട്ടുണ്ടായപ്പോൾ അത് പരിഗണിക്കാൻ പോലും സ്ഥാപനം തയ്യാറായില്ലെന്നും കോടതി വിശദമാക്കി. വിൽപന മരവിപ്പിക്കാനും ദമ്പതികളിൽ നിന്ന് വാങ്ങിയ പണവും അധികമായി നിശാശലഭങ്ങളെ തുരത്താനായി ദമ്പതികൾ ചെലവിട്ട പണവും നൽകണമെന്നും കോടതി വിശദമാക്കി. നിശാ ശലഭങ്ങളെ ക്ഷുദ്ര ജീവികളുടെ ഗണത്തിൽ ഉൾപ്പെടുത്താത്തതിനാൽ ദമ്പതികളോട് ഇക്കാര്യം വിശദമാക്കാതിരുന്നതെന്നാണ് പ്രതിഭാഗം ഉന്നയിച്ച ന്യായീകരണം.

Leave a Reply

Your email address will not be published. Required fields are marked *