Your Image Description Your Image Description

ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്മാനുമായി ഏറ്റുമുട്ടി ഇലോണ്‍ മസ്‌ക്. ഓപ്പണ്‍ എഐ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് മസ്‌കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നിക്ഷേപകര്‍ രംഗത്തെത്തിയതാണ് ആള്‍ട്ട്മാനെ പ്രകോപിപ്പിച്ചത്. 97.4 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള സംഘം വാഗ്ദാനം ചെയ്തത്. എന്നാൽ വാഗ്ദാനം പരസ്യമായി നിഷേധിച്ച ആള്‍ട്മാന്‍ എക്‌സ് പ്ലാറ്റ്‌ഫോം വാങ്ങാന്‍ താന്‍ തയ്യാറാണെന്നും പ്രഖ്യാപിക്കുകയുണ്ടായി.

‘വേണ്ട, നന്ദി. നിങ്ങളാഗ്രഹിക്കുകയാണെങ്കില്‍ 9.74 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഞങ്ങള്‍ വാങ്ങാം.‘ എന്നായിരുന്നു ആള്‍ട്മാന്റെ പോസ്റ്റ്. ഇതിനുള്ള മസ്‌കിന്റെ മറുപടി ‘സ്വിന്‍ഡ്‌ലര്‍'(വഞ്ചകന്‍) എന്നുമാത്രമായിരുന്നു. മസ്‌ക് ചാറ്റ്ജിപിടി നിര്‍മ്മാതാവിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അതിന്റെ യഥാര്‍ത്ഥ ധാര്‍മിക ദൗത്യത്തിലേക്ക് മാറ്റാനും ആഗ്രഹിക്കുന്നതായി മസ്‌ക്കിന്റെ അഭിഭാഷകന്‍ മാര്‍ക്ക് ടോബെറോഫ് പറഞ്ഞു.

2015-ല്‍ ഓപ്പണ്‍ എഐ തുടങ്ങുന്നതിനായി പരസ്പരം സഹകരിച്ചുകൊണ്ടാണ് മസ്‌കും ആള്‍ട്മാനും മുന്നോട്ടു നീങ്ങിയത്. എന്നാല്‍ പിന്നീട് ഇതാര് നയിക്കും എന്നതിൽ തർക്കമുണ്ടായി. നീണ്ടുനിന്ന അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2018ൽ ബോര്‍ഡില്‍ നിന്ന് മസ്‌ക് രാജിവെച്ചു. എന്നാൽ കഴിഞ്ഞ വര്‍ഷം കമ്പനിക്കെതിരെ മസ്‌ക് കേസ് നല്‍കിയിരുന്നു. കമ്പനി അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായി ആരോപിച്ചായിരുന്നു കേസ്. ചാറ്റ് ജിപിടിയുടെ ആകസ്മിക വിജയം ഓപ്പണ്‍ എഐക്ക് ലോകപ്രശസ്തി നേടിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *