Your Image Description Your Image Description

സൂറത്ത്: സ്കൂൾ വി​ദ്യാർഥികൾ പൊതുനിരത്തിൽ ​ഗതാ​ഗതം തടസ്സപ്പെടുത്തി ‘വാഹന ഷോ‘ നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നടപടിയെടുത്തത് പൊലീസ്. 35 ആഡംബര കാറുകളുമായി 12-ാം ക്ലാസ് വിദ്യാർഥികൾ നടത്തിയ വാഹന പരേഡിന്റെ ഡ്രോൺ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഈ ദൃശങ്ങൾ പുറത്തുവന്നതോടെയാണ് ​ഗതാ​ഗത നിയമ ലംഘനത്തിന് പൊലീസ് നടപടി സ്വീകരിച്ചത്. സൂറത്തിലെ ജഹാം​ഗിർപുരയിൽ ഫെബ്രുവരി ഏഴിനാണ് സംഭവം. സൂറത്തിലെ പ്രമുഖ സ്കൂളിലെ യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചാണ് വിദ്യാർഥികൾ വാഹനങ്ങളുമായി റോഡ് ഷോയ്ക്ക് നിരത്തിലിറങ്ങിയത്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ബോളിവുഡ് സിനിമയായ അനിമലിലെ ‘അരജൻ വല്ലി’ ​ഗാനവും കേൾക്കാം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ നടപടിയെടുക്കാത്തതിൽ അധികൃതർക്കെതിരെ വിമർശനങ്ങൾ ഉയർന്നു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒന്നിലധികം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടതായി ഡെപ്യൂട്ടി കമീഷണർ അമിത വനാനി പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്നും വനാനി അറിയിച്ചിട്ടുണ്ട്. 26 കാറുകൾ തിരിച്ചറിഞ്ഞതായും 12 കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു.

രക്ഷിതാക്കളുടെ അറിവോടെയാണോ വിദ്യാർത്ഥികൾ പൊതുനിരത്തിൽ വാഹന പ്രകടനം കാഴ്ച വച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ പൊലീസ് സന്ദർശിച്ചു. അതേസമയം, ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കുന്നില്ലെന്ന് സ്കൂൾ സ്ഥാപകൻ വർദൻ കബ്ര പറഞ്ഞു. ‘പൊലീസുമായി പൂർണാർഥത്തിൽ സഹകരിക്കും. ആവശ്യമായ വിവരങ്ങൾ അവർക്ക് നൽകിയിട്ടുണ്ട്. സാധുവായ ലൈസൻസ് ഉണ്ടെങ്കിലും, യാത്രയയപ്പ് പരിപാടിക്ക് സ്വകാര്യ വാഹനങ്ങളിൽ വരരുതെന്ന് വിദ്യാർഥികൾക്ക് മുൻകൂട്ടി മെയിൽ അയച്ചിരുന്നു. രക്ഷിതാക്കളോ ഡ്രൈവർമാരോ വിദ്യാർഥികളെ വാഹനങ്ങളിൽ സ്കൂളുകളിലെത്തിക്കാനാണ് നിർദേശിച്ചിരുന്നത്. കുട്ടികൾക്ക് സ്കൂളിലെത്താൻ ബസും ഒരുക്കിയിരുന്നു‘,വർദൻ കബ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *