Your Image Description Your Image Description

ന്യൂഡൽഹി: സ്വർണ വില അടിക്കടി കത്തിക്കയറുമ്പോൾ രാജ്യത്തെ റിസർവ് ബാങ്ക് സ്വർണം വാങ്ങി കൂട്ടുകയാണ്. യു എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ സ്വർണ വില കത്തിക്കയറുകയാണ്. ഈ വര്‍ഷം ഇതുവരെ 10% വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആളുകള്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടുകയാണ്. ഈ വില വര്‍ധനയ്ക്കിടയിലും റിസര്‍വ് ബാങ്കും വലിയതോതില്‍ സ്വര്‍ണം വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ലോക്സഭയില്‍ കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയുടെ ചോദ്യത്തിന് മറുപടിയായി റിസര്‍വ് ബാങ്ക് സ്വര്‍ണ്ണം ശേഖരം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്‍റെ ശേഖരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡോളര്‍ ആണെങ്കിലും പ്രധാനപ്പെട്ട ആസ്തികളില്‍ നിക്ഷേപം നടത്തി വൈവിധ്യപൂര്‍ണമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് സ്വര്‍ണ്ണശേഖരം വര്‍ധിപ്പിക്കുന്നത് എന്നും ധനമന്ത്രി പറഞ്ഞു. ഡോളറിന് പകരം മറ്റേതെങ്കിലും ആസ്തിയുയര്‍ത്തി കൊണ്ടുവരുന്നതിന്‍റെ ഭാഗമായല്ല ഇതെന്നും ധനമന്ത്രി പറഞ്ഞു.

റിസര്‍വ് ബാങ്ക് പ്രധാനമായും സ്വര്‍ണ്ണം വാങ്ങുന്നത് കറന്‍സിയുടെ മൂല്യത്തിലുള്ള വ്യതിയാനങ്ങള്‍ പ്രതിരോധിക്കാനാണ്. ഉദാഹരണത്തിന് കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിന്‍റെ മൂല്യത്തിലെ വര്‍ധന 56 ബില്യണ്‍ ഡോളറാണ്. എന്നാല്‍ തൊട്ടുമുന്‍പ് വര്‍ഷം ഇതേ കാലയളവില്‍ 17.7 ബില്യണ്‍ ഡോളറിന്‍റെ ഇടിവാണ് മൂല്യത്തില്‍ ഉണ്ടായത്. റിസര്‍വ് ബാങ്കിന്‍റെ സ്വര്‍ണശേഖരത്തില്‍ മൂല്യം അതേസമയം 25 ശതമാനം കൂടുകയാണ് ചെയ്തത്. വിദേശനാണ്യ ശേഖരത്തിലെ ഈ മൂല്യ വ്യതിയാനം തടയാനും റിസര്‍വ്ബാങ്കിന്‍റെ സ്വര്‍ണശേഖരം സഹായിക്കും.

ഇന്ത്യയുടെ മൊത്തം വിദേശ നാണ്യ ശേഖരം ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം 630.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ്. ജനുവരി അവസാന വാരം ഇതിന്‍റെ മൂല്യം 1.05 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചിരുന്നു. സ്വര്‍ണ്ണശേഖരം വര്‍ദ്ധിപ്പിച്ചതിന് തുടര്‍ന്നാണ് മൂല്യത്തിലെ ഈ വര്‍ദ്ധന
കഴിഞ്ഞവര്‍ഷം മാത്രം 72.6 ടണ്‍ സ്വര്‍ണ്ണമാണ് റിസര്‍വ് ബാങ്ക് വാങ്ങിയത്. തുര്‍ക്കി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയതും റിസര്‍വ്ബാങ്ക് ആണ്. ട്രംപ് അധികാരമേറ്റ ശേഷം കറന്‍സിയുടെ മൂല്യത്തില്‍ ഉണ്ടായ വലിയ വ്യതിയാനത്തെ തുടര്‍ന്നാണ് ആര്‍ബിഐ സ്വര്‍ണ്ണം വലിയ തോതില്‍ വാങ്ങിയത്. നിലവില്‍ റിസര്‍വ് ബാങ്കിന്‍റെ ആകെ സ്വര്‍ണശേഖരം 876.18 ടണ്‍ ആണ്. ഇതിന്‍റെ ആകെ മൂല്യം 66.2 ബില്യണ്‍ ഡോളര്‍ വരും

Leave a Reply

Your email address will not be published. Required fields are marked *