Your Image Description Your Image Description

കോഴിക്കോട്: തിരുവനന്തപുരത്തിനുപിന്നാലെ മെട്രോ കോഴിക്കോട്ടും വരുമെന്ന് ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. കൊച്ചി മെട്രോ മാതൃകയിൽ കോഴിക്കോട്ടും മെട്രോ ട്രെയിൻ ഓടിക്കാൻ തയ്യാറെടുക്കുന്ന വിവരം വെള്ളിയാഴ്ച ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിനിർമിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് മെട്രോ റെയിൽ സ്റ്റേഷന് സ്ഥലംവിട്ടത് വെറുതേയാകില്ലെന്നുള്ളതാണ് കേരള ബജറ്റിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ഇതിനായി ഇതുവരെ തുകയൊന്നും വകയിരുത്തിയില്ല.

മോണോ റെയിലും ലൈറ്റ് മെട്രോയും വരുമെന്ന പ്രഖ്യാപനങ്ങൾക്കുശേഷമാണ് സമ്പൂർണ മെട്രോതന്നെയാണ് വരുന്നതെന്ന ബജറ്റ് പ്രഖ്യാപനത്തിലേക്ക് സർക്കാർ എത്തുന്നത്. നഗരത്തിൽ നേരത്തേ പരിഗണനയിലുണ്ടായിരുന്ന ലൈറ്റ് മെട്രോയ്ക്കുപകരം വെസ്റ്റ്ഹിൽ-രാമനാട്ടുകര, ബീച്ച്-മെഡിക്കൽ കോളേജ് റൂട്ട് പരിഗണിച്ച് സമഗ്ര ഗതാഗതപദ്ധതിയുടെ ഭാഗമായാണ് മെട്രോ വരുക. ഇതിലേക്ക് 20 ശതമാനം സംസ്ഥാനസർക്കാരും 20 ശതമാനം കേന്ദ്രസർക്കാരും ബാക്കി 60 ശതമാനം വായ്പയുമാണ്.

നേരത്തേ, മീഞ്ചന്തമുതൽ മെഡിക്കൽ കോളേജ് വരെയാണ് മോണോ റെയിലും ലൈറ്റ് മെട്രോയും ആസൂത്രണംചെയ്തതും വിശദപദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കിയതും. എന്നാൽ, നഗരഗതാഗത സ്വഭാവം ഏറെമാറിയെന്ന കേന്ദ്രത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പഠനം നടത്താൻ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി കോർപ്പറേഷൻ, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികൾ, ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി പഞ്ചായത്തുകൾ ഉൾപ്പെടുന്ന 210 ചതുരശ്രകിലോമീറ്റർ സമഗ്ര മൊബിലിറ്റി പ്ലാനിന്റെ പഠനത്തിന് വിധേയമാക്കി. 10.63 ലക്ഷമാണ് ജനസംഖ്യ.

ലൈറ്റ് മെട്രോയ്ക്ക് ചെലവേറും -ബെഹ്‌റ

: ലൈറ്റ് മെട്രോ ട്രെയിൻ ഇവിടെ നടപ്പിൽവരുത്തുമ്പോൾ മെട്രോ ട്രെയിനിനെക്കാൾ ചെലവേറുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ പറഞ്ഞു. ‘‘നിലവിൽ മെട്രോ ട്രെയിനിന്റെ കാർ (കോച്ചുകൾ) ഉൾപ്പെടെയുള്ള ഘടകങ്ങൾ ലഭിക്കുന്നതിന് ഇവിടെത്തന്നെ സൗകര്യമുണ്ട്. ലൈറ്റ് മെട്രോയുടേതാണെങ്കിൽ പലതും ഇറക്കുമതിചെയ്യേണ്ടിവരും’’ -അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *