Your Image Description Your Image Description

ടെഹ്റാൻ: തങ്ങൾക്കുനേരെ ഇനിയും ഭീഷണി തുടർന്നാൽ തിരിച്ചടിക്കാൻ യാതൊരു മടിയുമുണ്ടാവില്ലെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച പശ്ചാത്തലത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കയുമായി ചർച്ചനടത്തുന്നത് ബുദ്ധിപരമോ മാന്യമോ അല്ലെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി പറഞ്ഞു.1979ലെ ഇറാനിയൻ വിപ്ലവത്തിന്റെ വാർഷിക പരിപാടിയുടെ ഭാ​ഗമായി സൈനിക കമാൻഡർമാരുമായി സംസാരിക്കവെയാണ് അമേരിക്കയെ ആക്രമിക്കാനും മടിക്കില്ലെന്ന് ഖമീനി വ്യക്തമാക്കിയത്.

അവർ നമ്മളെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നു, അഭിപ്രായപ്രകടനം നടത്തുന്നു, ഭീഷണി മുഴക്കുന്നു. നമ്മളെ ഭീഷണിപ്പെടുത്തിയാൽ തിരിച്ചും ഭീഷണിമുഴക്കും. ഭീഷണി അവർ നടപ്പാക്കിയാൽ നമ്മളും തിരിച്ചടിക്കും. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരെ ആക്രമണമുണ്ടായാൽ അവരുടെ രാജ്യസുരക്ഷയ്ക്കുനേരെ ആക്രമിക്കാൻ യാതൊരു മടിയുമുണ്ടാവില്ല’, എന്നായിരുന്നു ഖമീനിയുടെ വാക്കുകൾ. അമേരിക്കയുമായി ചർച്ചനടത്തുന്നത് ബുദ്ധിപരമോ മാന്യമോ അല്ല. അത് ഇറാന്റെ ഒരു പ്രശ്നത്തിനും പരിഹാരമാവില്ല. അത് അനുഭവമുള്ളതാണ്. 2015ൽ അവർ ആണവക്കരാർ ലംഘിച്ചു, അത് കീറിയെറിഞ്ഞുവെന്നും ഖമീനി പറഞ്ഞു.

തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കിൽ പിന്നെ ആ രാജ്യംതന്നെ ബാക്കിയുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. തന്നെ വധിക്കുകയാണെങ്കിൽ ഇറാൻ എന്ന രാജ്യം തന്നെ തുടച്ചുനീക്കാനുള്ള എല്ലാ നിർദേശവും ഇതിനകം നൽകിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കാനുള്ള മെമ്മോറാണ്ടത്തിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. ഇറാനെതിരായ നടപടിയിൽ തനിക്ക് വിഷമമുണ്ടെന്നായിരുന്നു ആമുഖമായി ട്രംപ് പറഞ്ഞത്. അവരെ സംബന്ധിച്ച് ഇത് വളരെ കഠിനമായിരിക്കും. എന്നാൽ എല്ലാവരും താൻ ഉപരോധത്തിൽ ഒപ്പുവെക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

ഉപോരധമല്ലാതെ എനിക്ക് മറ്റു മാർഗങ്ങളില്ല. ഞങ്ങൾക്ക് ശക്തരായി തുടരണം. ഇറാൻ എന്നെ കൊലപ്പെടുത്തുകയാണെങ്കിൽ പിന്നെ ആ രാജ്യംതന്നെ ഉണ്ടാവില്ല. ഒന്നും അവശേഷിക്കില്ലെന്ന് ഓർമ്മ വേണം. അതിനുള്ള നിർദേശങ്ങൾ ഞാൻ നൽകിക്കഴിഞ്ഞുവെന്നും ട്രംപ് മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ച്കൊണ്ട് പറഞ്ഞു. യുഎസ് ഗവൺമെൻറിൻറെ എല്ലാ വകുപ്പുകൾക്കും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നേരത്തെ പ്രസിഡൻറായിരുന്നപ്പോൾ ഇറാനെതിരെ കൈക്കൊണ്ട നടപടികൾ നിലവിൽ വീണ്ടും കർശനമാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *