Your Image Description Your Image Description

മുംബൈ: രത്തൻ ടാറ്റയുടെ വിൽപത്രം കോടതി കയറുമെന്ന അഭ്യൂ​​ഹം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് രത്തൻ ടാറ്റയുടെ വിൽപത്രം തുറന്നത്. രത്തൻ ടാറ്റയുടെ വിശ്വസ്തനായ മോഹിനി മോഹൻ ദത്തയ്ക്ക് തന്റെ സ്വത്തിന്റെ മൂന്നിലൊന്നും നൽകണമെന്നാണ് രത്തൻ ടാറ്റ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിലെ മുൻ ജീവനക്കാരനാണ് എഴുപത്തിനാലുകാരനായ മോഹിനി മോഹൻ ദത്ത. അത്ര വലിയ അടുപ്പമില്ലാത്ത മോഹിനി മോഹൻ ദത്തക്ക് 650 കോടിയോളം രൂപ രത്തൻ ടാറ്റ നീക്കിവെച്ചതിൽ കുടുംബാം​ഗങ്ങളും അമ്പരപ്പിലാണ്. ഇതോടെയാണ് രത്തൻ ടാറ്റയുടെ വിൽപത്രം കോടതി കയറുമെന്ന അഭ്യൂ​​ഹം ശക്തമാകുന്നത്.

350 കോടി രൂപയുടെ സ്ഥിരനിക്ഷേപം, പെയ്ന്റിങ്ങുകൾ, ആഡംബര വാച്ചുകൾ എന്നിവ ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക എന്നിവയുടെ മൂന്നിലൊന്ന് ദത്തയ്ക്ക് നൽകണമെന്നാണ് വിൽപത്രത്തിലുള്ളത്. മൂന്നിൽ രണ്ടു ഭാഗം രത്തന്റെ അർധസഹോദരിമാരായ സിറീൻ ജിജാഭോയ്, ദീന ജീജഭോയ് എന്നിവർക്കാണ്. ഓഹരി നിക്ഷേപം അടക്കം നല്ലൊരു ഭാഗം സ്വത്ത് സന്നദ്ധ സംഘടനകളായ ടാറ്റ എൻഡോവ്മെന്റ് ഫൗണ്ടേഷൻ, രത്തൻ ടാറ്റ എൻഡോവ്മെന്റ് ട്രസ്റ്റ് എന്നിവയ്ക്കാണ്. അർധസഹോദരനും പിൻഗാമിയുമായ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ, അദ്ദേഹത്തിന്റെ മക്കൾ എന്നിവർക്ക് സ്വത്ത് നൽകിയിട്ടില്ല. എന്നാൽ, സഹോദരൻ ജിമ്മി ടാറ്റയ്ക്ക് 50 കോടിയുടെ സ്വത്ത് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ജംഷെഡ്പുർ സ്വദേശിയായ മോഹിനി മോഹൻ ദത്ത ടാറ്റ ഗ്രൂപ്പിലാണ് കരിയർ തുടങ്ങിയത്. അദ്ദേഹം തുടങ്ങിയ സ്റ്റാലിയൻ എന്ന ട്രാവൽ ഏജൻസിയെ 2013ൽ ടാറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഏറ്റെടുത്തു. തോമസ് കുക്ക് ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിൽ ടിസി ട്രാവൽ സർവീസസ് എന്ന സ്ഥാപനവും നടത്തിയിരുന്നു. ദത്തയുടെ രണ്ടു പെൺമക്കളിൽ ഒരാൾ ടാറ്റ ഹോട്ടൽസിലും ടാറ്റ ട്രസ്റ്റ്സിലും ജോലി ചെയ്തിട്ടുണ്ട്.

രത്തന് 24 വയസ്സുള്ളപ്പോഴാണ് പരിചയപ്പെട്ടതെന്നും തന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ വലിയ പങ്കുണ്ടെന്നും ദത്ത പറഞ്ഞിരുന്നു. ആറു പതിറ്റാണ്ടായി അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. രത്തൻ ടാറ്റയുടെ വളർത്തുപുത്രനാണെന്ന് ദത്ത അവകാശപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിൽപത്രത്തിൽ‌ ഇത്തരം വിവരങ്ങളില്ല.

കഴിഞ്ഞ ഒക്‌ടോബർ ഒൻപതിനാണ് രത്തൻ ടാറ്റ അന്തരിച്ചത്. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. തന്റെ പത്താം വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് അമ്മൂമ്മ നവാജ്ബായ് കൊച്ചുമകനെ ദത്തെടുത്തു. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. അമേരിക്കയിലെ പഠനകാലത്ത് പല ജോലികളും ചെയ്തു. അതിൽ ഹോട്ടലിലെ പാത്രം കഴുകൽ വരെ ഉൾപ്പെട്ടിരുന്നത്രെ. അക്കാലത്ത് ഒരു പ്രണയമുണ്ടായി. ഇന്ത്യയിലേക്ക് മടങ്ങിയ രത്തന് പിന്നാലെ ഇന്ത്യയിലേക്ക് എത്തുമെന്നായിരുന്നു പ്രാണപ്രേയസിയുടെ വാക്ക്. എന്നാൽ, ആ യുവതി രത്തനുമൊത്ത് ജീവിക്കാൻ ഇന്ത്യയിലേക്കെത്താതെ മറ്റൊരാളെ വിവാഹം കഴിച്ചു. അതോടെ വിവാഹ ജീവിതം തന്നെ വേണ്ടെന്ന് വച്ചു രത്തൻ.

1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.

അത്യാഡംബരത്തിൽ വളർന്നപ്പോഴും അത് അദ്ദേഹത്തിന്റെ കണ്ണു മഞ്ഞളിപ്പിച്ചില്ല. ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേൽക്കുന്നതു വരെ കൊളാബയിലെ ബഖ്താവറിൽ ആഡംബരങ്ങളൊന്നുമില്ലാത്ത ഫ്ലാറ്റിലാണ് വർഷങ്ങളോളം കഴിഞ്ഞത്. പുസ്തകങ്ങളും കസെറ്റുകളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു അത്.

ടാറ്റാ സ്റ്റീൽ, ടാറ്റാ ടീ, ടാറ്റാ കെമിക്കൽസ്, ടാറ്റാ ഹോട്ടൽസ് തുടങ്ങിയ ടാറ്റാ കമ്പനികളുടെ തലപ്പത്തിരുന്നവരെയെല്ലാം ഞെട്ടിച്ചായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് രത്തന്റെ അപ്രതീക്ഷിത എൻട്രി. പിന്നീട് ടാറ്റയിൽ രത്തൻറെ സമ്പൂർണ ആധിപത്യമായിരുന്നു. അധികാരവും സമ്പത്തും പ്രധാന ഓഹരികളല്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ചു. ഓട്ടോമൊബൈൽ വ്യവസായത്തിൽ കൈവെച്ച ടാറ്റ, ഒരു ലക്ഷം രൂപയ്ക്ക് കാറെന്ന സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ ചിരിച്ചത് രത്തൻ ടാറ്റയായിരുന്നു. നാനോ കാർ ഇന്ത്യൻ മധ്യവർഗത്തിൻറെ സ്വപ്നങ്ങളെ ചേർത്തുപിടിച്ചോടി.

രത്തൻറെ കീഴിൽ ടാറ്റയുടെ ആസ്തി 40 മടങ്ങ് വർധിച്ചു. ലാഭം അൻപത് ഇരിട്ടിയായി. നേട്ടങ്ങളുടെ നെറുകൈയിൽ പത്മവിഭൂഷൻ അടക്കമുളള പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1991 മുതൽ 2012വരെ ചെയർമാനായിരുന്ന ടാറ്റ 2016ൽ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *