Your Image Description Your Image Description

നവജാത ശിശുവിന്റെ ശരീരത്തില്‍ നിന്ന് ശസ്ത്രക്രിയ ചെയ്തു നീക്കിയത് വളര്‍ച്ചയെത്താത്ത രണ്ടു ഭ്രൂണങ്ങള്‍. ഒന്നര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ നീക്കം ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് 32കാരിയായ ഗര്‍ഭിണിയെ സ്‌കാന്‍ ചെയ്യുന്നതിനിടയില്‍ വയറ്റിലുള്ള കുഞ്ഞിന്റെ ശരീരത്തിനകത്ത് വളര്‍ച്ചയെത്താത്ത മറ്റൊരു ഭ്രൂണം ഉള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. യുവതിക്ക് സ്വാഭാവിക പ്രസവത്തിന് തടസ്സമുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും യുവതി നിരീക്ഷണത്തിലായിരുന്നു.

തുടർന്ന് യുവതി സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കി. ഉടന്‍ തന്നെ കുഞ്ഞിനെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സോണോഗ്രഫി പരിശോധനയില്‍ കുഞ്ഞിനകത്ത് ഒരു ഭ്രൂണം മാത്രമാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാരെ ഞെട്ടിച്ചുകൊണ്ട് രണ്ടു ഭ്രൂണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിനകത്ത് ഉണ്ടായിരുന്നു. രണ്ടും വിജയകരമായി തന്നെ നീക്കം ചെയ്തു. ഒന്നര മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു. ഭ്രൂണങ്ങളുടെ കൈകാലുകള്‍ വികസിച്ചിരുന്നുവെന്നും ശിരസ്സ് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

ഗര്‍ഭാവസ്ഥയില്‍ പതിവു ചെക്കപ്പുകളുടെ ഭാഗമായി യുവതിയെ സോണോഗ്രാഫി പരിശോധനയ്ക്ക് നേരത്തേയും വിധേയയാക്കിയിട്ടുണ്ടെങ്കിലും ഒന്‍പതാം മാസത്തിലാണ് ഈ അപൂര്‍വത കണ്ടുപിടിക്കുന്നത്. വിശദമായ പഠനത്തിന് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗര്‍വാള്‍ പറഞ്ഞു. ‘ആദ്യം ആശ്ചര്യമായിരുന്നു. പിന്നീട് ശ്രദ്ധയോടെ വീണ്ടും പരിശോധിക്കുകയായിരുന്നു’ അഗര്‍വാള്‍ പറയുന്നു. ഈ അവസ്ഥയുടെ കാരണം പൂര്‍ണമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇരട്ടക്കുഞ്ഞുങ്ങളുടെ ഭ്രൂണത്തിന്റെ വികാസത്തിനുണ്ടാകുന്ന അപാകതയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഇതിനെ യഥാര്‍ഥ ഇരട്ട ഗര്‍ഭധാരണമായിട്ടല്ല വിലയിരുത്തുന്നത്. ‘പാരസൈറ്റിക് ട്വിന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവയ്ക്ക് തനിച്ച് അതിജീവിക്കാനാകില്ലെന്നും വിദഗ്ധര്‍ പറയുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *