Your Image Description Your Image Description

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാർ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശം വെച്ചതായി കണ്ടാല്‍ നടപടിയെടുക്കുമെന്ന് മദ്രാസ് ഹൈക്കോടതി. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി ഒരു യാത്രക്കാരനേയോ വിനോദസഞ്ചാരിയേയോ കണ്ടാൽ സംസ്ഥാന സർക്കാർ ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെ എല്ലാ ബസുകളും, പ്രൈവറ്റ് വാഹനങ്ങളും പിടിച്ചെടുക്കണമെന്ന് അറിയിച്ചു. അതേസമയം പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ ഇത്തരം കർശന നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസുമാരായ എൻ.സതീഷ് കുമാർ, ഡി.ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് കലക്ടർക്ക് നിർദേശം നൽകി.

വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്. നിരോധനം ഫലപ്രദമായി നടപ്പാകുന്നുണ്ടോ എന്ന വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതി ജില്ലാകളക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. യാത്രക്കാര്‍ക്കായി സ്ഥാപിച്ച കുടിവെള്ള എ.ടി.എമ്മുകളുടെ എണ്ണം സംബന്ധിച്ച് തെറ്റായ കണക്കു നല്‍കിയ കളക്ടറെ കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ച കളക്ടര്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്തുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് അറിയിച്ചു. എ.ടി.എമ്മില്‍ നാണയമിടേണ്ട ദ്വാരത്തില്‍ സാമൂഹികദ്രോഹികള്‍ ബബിള്‍ഗമ്മും കല്ലും ഇടുന്നതാണ് പ്രശ്‌നം. യു.പി.ഐ. സ്‌കാനുള്ള വാട്ടര്‍ എ.ടി.എമ്മുകളും ആര്‍.ഒ. ഫില്‍റ്ററുകളും സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കളക്ടര്‍ അറിയിച്ചു.

നീലഗിരിയിലേക്കുള്ള വാഹനങ്ങളിലുള്ളവര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശം വെക്കുന്നതായി കണ്ടാല്‍ വാഹന ഉടമക്ക് 10,000 രൂപ പിഴ ഈടാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കളക്ടര്‍ ലക്ഷ്മി ഭവ്യ തണ്ണീര് അറിയിച്ചു. തെറ്റ് ആവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കും. ഗതാഗതസ്തംഭനം ഉണ്ടാകുമെന്നതുകൊണ്ട് മുഴുവന്‍ വണ്ടികളും തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന് അവര്‍ അറിയിച്ചു. അതേസമയം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും പിഴ ഈടാക്കുന്നതിനും ജില്ലാ ഭരണകൂടം എല്ലാ എൻട്രി പോയിൻ്റുകളിലും സ്വാശ്രയ സംഘടനകളുടെ സന്നദ്ധപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ 1,973.75 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകൾ സന്നദ്ധപ്രവർത്തകർ ശേഖരിച്ചു. എൻഫോഴ്‌സ്‌മെൻ്റ് സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ പ്രദേശത്ത് തുടരുകയായണ്.

Leave a Reply

Your email address will not be published. Required fields are marked *