Your Image Description Your Image Description

കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മിക്കവാറും എല്ലാത്തിനും 25 ശതമാനം തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതിന് ശേഷം, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അമേരിക്കയിലെ ജനങ്ങളോട് ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തി. അമേരിക്ക കടന്നു പോയ ‘ഇരുണ്ട സമയങ്ങളില്‍’ കാനഡ അമേരിക്കയുടെ പക്ഷത്തായിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനിലെ ഇറാന്‍ ബന്ദി പ്രതിസന്ധിയും യുദ്ധവും അല്ലെങ്കില്‍ കത്രീന ചുഴലിക്കാറ്റ്, സമീപകാല കാലിഫോര്‍ണിയ കാട്ടുതീ പോലുള്ള മാരകമായ പ്രകൃതി ദുരന്തങ്ങളെല്ലാം അമേരിക്കയെ തേടി എത്തിയപ്പോഴും ആശ്രയമായി കാനഡ ഒപ്പമുണ്ടായിരുന്നുവെന്ന് ജസ്റ്റിന്‍ ട്രൂഡോ ചൂണ്ടിക്കാട്ടി. എന്നാല്‍, എതിര്‍ നടപടികള്‍ അടിച്ചേല്‍പ്പിക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗമില്ലെന്നും ട്രൂഡോ തന്റെ സന്ദേശത്തില്‍ പറയുന്നു.

‘നോര്‍മാണ്ടിയിലെ ബീച്ചുകള്‍ മുതല്‍ കൊറിയന്‍ ഉപദ്വീപിലെ പര്‍വതങ്ങള്‍ വരെ, ഫ്‌ളാന്‍ഡേഴ്സ് വയലുകള്‍ മുതല്‍ കാണ്ഡഹാറിലെ തെരുവുകള്‍ വരെ, നിങ്ങളുടെ ഇരുണ്ട സമയങ്ങളില്‍ ഞങ്ങള്‍ നിങ്ങളോടൊന്ന് ചേര്‍ന്ന് പോരാടി, ട്രൂഡോ പറഞ്ഞു. ‘ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിജയകരമായ സാമ്പത്തിക, സൈനിക, സുരക്ഷാ പങ്കാളിത്തം കാനഡ കെട്ടിപ്പടുത്തുവെന്നും ഞങ്ങള്‍ എപ്പോഴും അമേരിക്കയോടൊപ്പം ഉണ്ടെന്നും നിങ്ങളോടൊപ്പം നില്‍ക്കുന്നുവെന്നും ട്രൂഡോ പറഞ്ഞു.

അതേസമയം, അമേരിക്കയും കാനഡയും തമ്മില്‍ മുന്‍കാലങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ ട്രൂഡോ, അവയെ മറികടക്കാന്‍ ഇരു രാജ്യങ്ങളും എപ്പോഴും ഒരു വഴി കണ്ടെത്തിയിരുന്നുവെന്നും പറയുന്നു. പ്രസിഡന്റ് ട്രംപ് അമേരിക്കയ്ക്ക് ഒരു പുതിയ സുവര്‍ണ്ണ കാലഘട്ടം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കാനഡയുമായി പങ്കാളിത്തം പുലര്‍ത്തുന്നതാണ് നല്ലതെന്നും ട്രൂഡോ പറഞ്ഞു. എന്നാല്‍ അമേരിക്ക ഇന്ന് സ്വീകരിച്ച നടപടികള്‍ കാനഡയെ ഒരുമിച്ച് കൊണ്ടുവരുന്നതിനുപകരം തങ്ങളെ ഭിന്നിപ്പിക്കുകയായിരുന്നുവെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *