Your Image Description Your Image Description

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വില കുറയുമെന്ന് റിപ്പോർട്ട്. ലിഥിയം ബാറ്ററികളുടെ ഉൽപ്പാദനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര ബജറ്റില്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് വൈദ്യുത വാഹനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയും വർധിച്ചിരിക്കുന്നത്. പ്രാദേശികമായുള്ള ബാറ്ററി നിര്‍മാണം വിപുലപ്പെടുത്തുകയും ബാറ്ററി ഇറക്കുമതി കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ ഈ നടപടി. വൈദ്യുത വാഹനങ്ങള്‍ക്ക് പുറമേ ലിഥിയം ബാറ്ററികള്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സാമഗ്രികള്‍ക്കും വില കുറഞ്ഞേക്കും.

ബാറ്ററി നിര്‍മാണത്തിനു വേണ്ട കൊബാള്‍ട്ട്, പഴയ ലിഥിയം അയണ്‍ ബാറ്ററി, ലെഡ്, സിങ്ക് എന്നിവയടക്കമുള്ള പന്ത്രണ്ട് ഉൽപ്പന്നങ്ങളുടെ ബേസിക് കസ്റ്റംസ് ഡ്യൂട്ടി(ബിസിഡി) ആണ് പുതിയ ബജറ്റില്‍ എടുത്തു കളഞ്ഞിരിക്കുന്നത്. ബാറ്ററിക്കു പുറമേ സെമി കണ്ടക്ടറുകളും പുനരുപയോഗ ഊര്‍ജ നിര്‍മാണത്തിനുള്ള വസ്തുക്കളും നിര്‍മിക്കുന്നതിന് ഈ വസ്തുക്കള്‍ ആവശ്യമായി വരാറുണ്ട്. ഇവി ബാറ്ററി നിര്‍മാണത്തിനു വേണ്ട 35 അധിക വസ്തുക്കളുടേയും മൊബൈല്‍ ബാറ്ററി നിര്‍മാണത്തിനു വേണ്ട 28 വസ്തുക്കളുടേയും നികുതി എടുത്തു കളഞ്ഞിട്ടുണ്ട്.

ഇതോടെ രാജ്യത്തെ ബാറ്ററി നിർമ്മാണ മേഖല വിപുലപ്പെടുമെന്നാണ് വിലയിരുത്തൽ. ബാറ്ററി നിര്‍മാണത്തിനു വേണ്ട വസ്തുക്കള്‍ നികുതിയില്ലാതെ തന്നെ ഇറക്കുമതി ചെയ്ത് കമ്പനികള്‍ക്ക് തദ്ദേശീയമായി ബാറ്ററികള്‍ നിർമ്മിക്കാൻ സാധിക്കും. ടാറ്റ, ഒല ഇലക്ട്രിക്, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ക്ക് നികുതി ഒഴിവാക്കിയ നടപടി നേരിട്ടു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

വൈദ്യുത വാഹനത്തിന്റെ വിലയുടെ 30 ശതമാനത്തിലേറെ ബാറ്ററി വിലയാണ്. അതിനാൽ തന്നെ ബാറ്ററിയുടെ വില കുറഞ്ഞാല്‍ അത് ഇലക്ട്രിക്ക് വാഹനത്തിന്റെ വിലയിലും കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ബാറ്ററി നിര്‍മാണം വിപുലമായാല്‍ ചൈന അടക്കമുള്ള രാജ്യങ്ങളെ ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരില്ല. ഹരിത ഇന്ധനങ്ങളിലേക്ക് മാറുന്നത് വേഗത്തിലാക്കാനും ഈ നീക്കം സഹായിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *