Your Image Description Your Image Description

ഇടുക്കി: കഞ്ഞിക്കുഴി വില്ലേജിലെ ആദിവാസികൾക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച. ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസിനെതിരെ നടപടി. റവന്യൂ വകുപ്പിന്റെ ഉത്തരവനുസരിച്ച് രണ്ട് വാർഷിക വേതന വർധനവ് തടയുവാനാണ് നടപടി. ആദിവാസികൾക്ക് പട്ടയം അനുവദിച്ചില്ല എന്ന പരാതിയിന്മേലാണ് സംഭവത്തിൽ അന്വേഷണം നടന്നത്. റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയത്.

അന്വേഷണത്തിന്റെ റിപ്പോർട്ട് 2022 ഫെബ്രുവരി ഒന്നിന് സമർപ്പിച്ചിരുന്നു. ഇടുക്കി താലൂക്ക് ഓഫീസിലെ നമ്പർ ഒന്ന്, നമ്പർ രണ്ട് രജിസ്റ്ററുകൾ കൃത്യമായി പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ലഭിക്കുന്ന അപേക്ഷകൾ സീനിയോറ്റി ക്രമത്തിലും തീയതി ക്രമത്തിലും രേഖപ്പെടുത്തിയില്ല. പരിശോധനയിൽ നമ്പർ ഒന്ന്, നമ്പർ രണ്ട് രജിസ്റ്റർ എന്നിവയിലെ പട്ടയ ഫയലുകളുടെ എണ്ണം, നിലവിൽ അനുവദിച്ച പട്ടയങ്ങളുടെ എണ്ണം, കലക്ടറേറ്റിലുള്ള അനുവദിച്ച പട്ടയങ്ങളുടെ എണ്ണം ഇവ തമ്മിൽ വ്യത്യാസം കണ്ടെത്തി. പട്ടയ അപേക്ഷകളിൽ ബി.ടി.ആർ, വരുമാന സർട്ടിഫിക്കറ്റ്, കലക്ടറുടെ നടപടിക്രമം, സെറ്റിൽമെൻറ് രജിസ്റ്ററിന്റെ പകർപ്പ് തുടങ്ങി പ്രകാരം ഉൾകൊള്ളിക്കേണ്ട രേഖകൾ ഒന്നും ഉൾപ്പെടുത്തിയില്ല.

പട്ടയം അനുവദിക്കുന്നതിന് നിഷ്കർഷിച്ചിട്ടുള്ള നടപടിക്രമങ്ങൾ ഒന്നും പാലിച്ചിരുന്നില്ല. മഹസർ തയാറാക്കുമ്പോൾ ഭൂമിയുടെ കൈവശം സംബന്ധമായ യാതൊരു രേഖപ്പെടുത്തലും കണ്ടെത്താനായില്ല. ഒറ്റനോട്ടത്തിൽ നിരസിക്കേണ്ട അപേക്ഷകൾ പോലും ഭൂമി പതിവിന് ശുപാർശ ചെയ്ത് എൽ.എ കമ്മിറ്റി അംഗീകരിച്ച പട്ടയം അനുവദിക്കുന്നതിന് നൽകിയിട്ടുണ്ട്. എന്നാൽ പട്ടയ അപേക്ഷ സ്വീകരിക്കുന്ന വേളയിൽ രസീതും നൽകിയിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

അങ്ങേയറ്റം സൂഷ്മപരിശോധന വേണ്ടതും വളരെ പ്രാധാന്യമുള്ളതുമായ പട്ടയം അനുവദിക്കുന്നതു പോലെയുള്ള വിഷയങ്ങളിൽ ചട്ടങ്ങൾ അനുശാസിക്കുന്ന നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് വ്യക്തമായി. അപേക്ഷ ഫോമുകളിൽ നിർബന്ധപൂർവം ഉണ്ടായിരിക്കേണ്ട രേഖകൾ പോലും ഉൾപ്പെടുത്താതെ സമർപ്പിച്ച അപേക്ഷകളിൽ പരിശോധിച്ചു ഉറപ്പുവരുത്തി ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകേണ്ട ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസ് അതിനു വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് അദ്ദേഹത്തിൻറെ ഭാഗത്തുനിന്നുണ്ടായ വലിയ അലംഭാവമാണ്. ഇക്കാരണങ്ങൾ പരിശോധിച്ചാണ് ഡെപ്യൂട്ടി തഹസിൽദാറിന്റെ രണ്ട് വാർഷിക വേതന വർധനവ് തടയുവാൻ നടപടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *