Your Image Description Your Image Description

കോട്ടയം: കടുത്തുരുത്തിയിൽ കാർ നിയന്ത്രണം വിട്ട് പിക്കപ് വാനിലിടിച്ച ശേഷം ബൈക്ക് യാത്രക്കാരായ ദമ്പതികളെയും കാൽനട യാത്രക്കാരിയെയും ഇടിച്ചു. റോഡരിൽകിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും തകർത്ത ശേഷം പാലത്തിന്റെ കൈവരിയിൽ കാർ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു.

ബൈക്ക് യാത്രക്കാരായ കീഴൂർ വടക്കേപറമ്പിൽ സാമുവൽ ദേവസ്യ (63), ഭാര്യ അമ്മിണി (62), കാൽനടയാത്രക്കാരിയായ മങ്ങാട് താന്നിക്കാവ് ചെല്ലമ്മ കുട്ടപ്പൻ (65) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ മുട്ടുച്ചിറയിലുള്ള എച്ച്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തി ടൗണിലാണ് ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ അപകടം നടന്നത്. കിടങ്ങൂരിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്.

കാർ എറണാകുളം ഭാഗത്തേക്കു പോകാനായി തിരിഞ്ഞപ്പോഴാണ് പിക്കപ് വാനിലും ബൈക്കിലും ഇടിച്ചത്. ബൈക്ക് യാത്രക്കാരായ ദമ്പതികൾ സമീപത്തുള്ള കടത്തിണ്ണയിലേക്ക് തെറിച്ചുവീണു. ഇതോടെ നിയന്ത്രണംവിട്ട കാർ കാൽനട യാത്രക്കാരിയെയും ഇടിച്ചുവീഴ്ത്തി പാഞ്ഞു റോഡരികിലിരുന്ന സ്കൂട്ടറിലിടിച്ച് പാലത്തിന്റെ കൈവരിയിൽ രണ്ടടിയിലേറെ ഉയരത്തിൽ കയറി നിൽക്കുകയായിരുന്നു. എഴുമാന്തുരുത്ത് വള്ളിക്കേരിൽ ജീമോന്റെ സ്കൂട്ടറാണ് അപകടത്തിൽ പൂർണമായും തകർന്നത്. ജീമോൻ സമീപമുള്ള എടിഎമ്മിൽ കയറിയപ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും ഓട്ടോഡ്രൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കടുത്തുരുത്തി പോലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് കോട്ടയം– എറണാകുളം റോഡിൽ ഗതാഗതതടസ്സം നേരിട്ടു.

Leave a Reply

Your email address will not be published. Required fields are marked *