Your Image Description Your Image Description

ചണ്ഡീഗഢ്: ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍മാണ കരാറുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതൊക്കെ വർത്തകളാകാറുണ്ട്. എന്നാൽ പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥർ ഒരു പടി കൂടി മുൻപോട്ടാണ്. ഫിറോസ്പൂർ ജില്ലയിലെ എഡിസി ഡെവലപ്‌മെൻ്റ് ഓഫീസിൽ നടന്ന വിചിത്രമായ അഴിമതിയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2018-19 ൽ യഥാർത്ഥത്തിൽ നിലവിലില്ലാത്ത ഒരു ഗ്രാമം ഉദ്യോഗസ്ഥർ രൂപികരിച്ചു. സര്‍ക്കാര്‍ ഫണ്ട് അടിച്ചുമാറ്റാന്‍ വേണ്ടിയാണ് ഒരുഗ്രാമം തന്നെ വ്യാജമായി സൃഷ്ട്ടിച്ചത്. ഫയലുകളില്‍ മാത്രമുള്ള എന്നാല്‍ യഥാര്‍ഥത്തില്‍ ഇല്ലാത്ത ഈ ഗ്രാമത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 45 ലക്ഷത്തോളം രൂപയാണ് ഉദ്യോഗസ്ഥര്‍ അടിച്ചുമാറ്റിയത്.

2013ല്‍ പഞ്ചാബിലെ അകാലി-ബിജെപി സര്‍ക്കാരിന്റെ കാലത്താണ് തട്ടിപ്പ് നടന്നത്. ഫയലില്‍ ഒരു പുതിയ ഗ്രാമം വ്യാജമായി സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. ന്യൂ ഗട്ടി രാജോകെ എന്ന പേരില്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഫയലുകളില്‍ ഒരു പുതിയ ഗ്രാമം സൃഷ്ടിച്ചു. ഗൂഗിൾ മാപ്പിന് പോലും ഈ ഗ്രാമം കണ്ടെത്താൻ കഴിയില്ല. ഗ്രാമ വികസനത്തിനെന്ന പേരില്‍ 55 പദ്ധതികള്‍ ആവിഷ്‌കരിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ സമീപത്തുള്ള ഗ്രാമത്തില്‍ വെറും 33 പദ്ധതികള്‍ മാത്രമാണ് നടപ്പിലാക്കിയത്. ഇപ്പോഴും ഈ ഗ്രാമത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ കുറവാണ്.

2019ല്‍ ഈ പദ്ധതികളില്‍ സംശയം തോന്നിയ ഒരാള്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് വകുപ്പില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നത്. ഉദ്യോഗസ്ഥരും ജീവനക്കാരും ന്യൂ ഗട്ടി രാജോക്കെ എന്ന പേരില്‍ ഒരു ഗ്രാമം കെട്ടിച്ചമച്ച് അതിന്റെ പേരില്‍ വന്‍തുക തട്ടിയെടുത്തുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തട്ടിപ്പ് നടന്ന വിവരം പുറത്തുവന്നതോടെ പഞ്ചാബിലാകെ ഞെട്ടലുണ്ടായിട്ടുണ്ട്. ന്യൂ ഗട്ടി ഗ്രാമത്തിന്റേത് ഒരു ഉദാഹരണം മാത്രമാണെന്നും വേറെയും സമാന തട്ടിപ്പ് പഞ്ചാബിലാകെ നടന്നിട്ടുണ്ടാകാമെന്നുമാണ് കരുതുന്നത്. അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംഗതി ഇപ്പോൾ പുറത്തായതോടെ മുഴുവൻ തട്ടിപ്പിൻ്റെയും ചുരുളഴിയാനുള്ള ശ്രമമാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *