Your Image Description Your Image Description

ന്യൂഡൽഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിധിയിലേക്ക് കൂടുതൽ ക്രിക്കറ്റ് താരങ്ങളെയും ഉൾപ്പെടുത്തുന്നു. നാഡ തയ്യാറാക്കിയ ‘രജിസ്റ്റേഡ് ടെസ്റ്റിങ് പൂളി’ൽ (ആർടിപി) മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 14 ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ടെസ്റ്റ് ടീമിന്റെ ഉപനായകൻ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവരും ഈ പട്ടികയിലുണ്ട്. ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, അർഷ്ദീപ് സിങ്, തിലക് വർമ എന്നിവരാണ് പട്ടികയിലുള്ള മറ്റു പുരുഷ താരങ്ങൾ. വനിതാ ടീമിൽ നിന്ന് ഷഫാലി വർമ, ദീപ്തി ശർമ, രേണുക സിങ് താക്കൂർ എന്നിവരുമുണ്ട്. ഇന്ത്യൻ പുരുഷ ടീമിൽ നിന്ന് 11 പേരെയും വനിതാ ടീമിൽ നിന്ന് മൂന്നു പേരെയുമാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘രജിസ്റ്റേഡ് ടെസ്റ്റിങ് പൂളി’ന്റെ ഭാഗമായുള്ള താരങ്ങൾ അവരുടെ യാത്രകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ നാഡയ്ക്ക് കൈമാറണം.

ആദ്യഘട്ടമായി ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കിടെ നാഡയുടെ ഉദ്യോഗസ്ഥർ ഏതാനും ക്രിക്കറ്റ് താരങ്ങളിൽനിന്ന് മൂത്ര സാംപിളുകൾ ശേഖരിക്കുമെന്നാണ് വിവരം. പരമ്പരയ്‌ക്കിടെ വിവിധ മത്സര വേദികളിൽ നാഡ ഉദ്യോഗസ്ഥരെത്തും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മുൻപ് 2019ലും ഏതാനും ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി നാഡ ‘റജിസ്റ്റേഡ് ടെസ്റ്റിങ് പൂൾ’ തയാറാക്കിയിരുന്നു. ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ, സ്മൃതി മന്ഥന, ദീപ്തി ശർമ എന്നിവരാണ് ആദ്യ ഘട്ടത്തിൽ പട്ടികയിലുണ്ടായിരുന്നത്.

എന്നാൽ, ഇവർ വിവരങ്ങൾ യഥാസമയം കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി നാഡ രംഗത്തെത്തിയിരുന്നു. എന്നാൽ, കോവിഡ് കാലത്തെ നിയന്ത്രണങ്ങളും സാങ്കേതിക പ്രശ്നങ്ങളുമാണ് ഇതിനു കാരണമെന്ന് ബിസിസിഐ വിശദീകരിച്ചിരുന്നു. താമസ സ്ഥലത്തെ വിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിശദാംശങ്ങളാണ് നാഡയ്ക്ക് കൈമാറേണ്ടത്. ഇതിനു പുറമേ ട്രെയിനിങ്ങിന്റെയും മത്സരങ്ങളുടെയും സമയക്രമം ഉൾപ്പെടെയുള്ള വിശദാംശങ്ങളും നൽകണം.

Leave a Reply

Your email address will not be published. Required fields are marked *