Your Image Description Your Image Description

ഉത്തർപ്രദേശ്: മഹാകുംഭമേളയിൽ പ്രസക്തി നേടിയ ഐഐടിയൻ ബാബ അഭയ് സിങ്ങിനെതിരെ സന്യാസി സമൂഹം രംഗത്തെത്തി. ഐഐടി ബോംബെയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദം നേടി പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞതാണ് അഭയ് സിംഗ്. ഇദ്ദേഹം സന്യാസ സമൂഹമായ അഖാരയിലെ ഒരംഗം കൂടിയായിരുന്നു. മഹാകുംഭമേളയിലെ ജുന അഖാര ക്യാമ്പിൽ നിന്ന് ശനിയാഴ്ച വൈകീട്ടാണ് ഐഐടിയൻ ബാബയെ പുറത്താക്കിയത്.

ക്യാമ്പിലേക്കോ ക്യാമ്പിന്റെ പരിസരത്തേക്കോ പോലും വരുന്നതില്‍ നിന്ന് അഭയ് സിങ്ങിനെ വിലക്കിയിരിക്കുകയാണ്. തന്റെ ഗുരുവായ മഹന്ത് സോമേശ്വര്‍ പുരിയെ പറ്റി മോശമായി സംസാരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ അഖാരയില്‍നിന്ന് പുറത്താക്കിയത്. ഒരാളുടെ ഗുരുവിനോടുള്ള അച്ചടക്കവും ഭക്തിയുമാണ് സന്യാസിമാരുടെ അടിസ്ഥാന തത്വങ്ങളെന്നും അവ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ആരെയും സന്യാസിയായി കണക്കാക്കാനാവില്ലെന്നും അഖാര വ്യക്തമാക്കുന്നു. അഭയ് സിംഗ് ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. അയാളൊരു സന്യാസിയൊന്നുമല്ല, അലഞ്ഞുതിരിഞ്ഞു നടക്കുന്നയാള്‍ മാത്രമാണ്. അയാള്‍ വായില്‍ തോന്നിയതെല്ലാം ടി.വിയില്‍ പറയുന്നു ജുന അഖാരയിൽ ഭാഗമായിട്ടുള്ള ഒരു സന്യാസി പറഞ്ഞു.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ‘ഐ.ഐ.ടി. ബാബ’ നിഷേധിച്ചു. അഖാരയിലെ സന്യാസിമാര്‍ തന്നേക്കുറിച്ച് പരദൂഷണം പറഞ്ഞുനടക്കുകയാണെന്ന് അഭയ് സിങ് ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു. ‘ഞാന്‍ പ്രശസ്തനായെന്നും അവരെ കുറിച്ച് എന്തെങ്കിലും കാര്യം വെളിപ്പെടുത്തുമെന്നുമാണ് അവര്‍ കരുതുന്നത്. അതിനാലാണ് ഞാന്‍ രഹസ്യധ്യാനത്തിന് പോയെന്ന് അവര്‍ പറഞ്ഞുനടക്കുന്നത്. അവര്‍ അസംബന്ധം പറയുകയാണ്’, ഇന്‍സ്റ്റഗ്രാമില്‍ ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള ഐ.ഐ.ടി. ബാബ പറഞ്ഞു. ക്യാമ്പിൽ നിന്ന് പുറത്തുപോകാൻ തൻ്റെ ഗുരു ആവശ്യപ്പെട്ടതിനെത്തുടർന്ന് ഐഐടിയൻ ബാബ മറ്റൊരു ദർശകൻ്റെ ക്യാമ്പിൽ അഭയം പ്രാപിച്ചു. ജുന അഖാരയുടെ ക്യാമ്പിലെ സന്യാസിമാരിൽ ഒരാൾ ഐഐടി ബോംബെയിൽ നിന്ന് ബിരുദം നേടിയ എന്ന വാർത്ത കുംഭമേളയുടെ തുടക്കത്തിൽ തന്നെ ഇന്റർനെറ്റിൽ നിറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *