Your Image Description Your Image Description

ടെൽ അവീവ്: ഹമാസ് വിട്ടയച്ച മൂന്നു ബന്ദികളും 15 മാസത്തിന് ശേഷം തങ്ങളുടെ ഉറ്റവരെ കണ്ടു. ഡൊറോൺ സ്റ്റെയ്ൻബ്രെചർ (31), ബ്രിട്ടീഷ്-ഇസ്രയേലി പൗര എമിലി ഡാമരി (28), റോമി ഗോനൻ (24) എന്നിവരെയാണ് വെടിനിർത്തൽ കരാറിന്റെ ഭാ​ഗമായി ഇന്നലെ ഹമാസ് മോചിപ്പിച്ചത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നിന്നും ഹമാസ് ബന്ദികളാക്കിയവരിൽ ഉൾപ്പെടുന്നവരാണ് മൂന്നുപേരും.

മോചിതരായ മൂന്ന് യുവതികളെയും കുടുംബാംഗങ്ങൾ കാണുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് പേജിലുടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ‘ഇസ്രയേലിൽ മടങ്ങിയെത്തിയവരും അവരുടെ കുടുംബാംഗങ്ങളും തമ്മിലുള്ള വൈകാരിക കൂടിക്കാഴ്ചകൾക്കിടയിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ’- എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. രാജ്യം ആഘോഷമായാണ് ഇവരെ വരവേറ്റത്. ഹമാസ് മൂന്നുപേരെ മോചിപ്പിച്ചപ്പോൾ ഇസ്രയേൽ തങ്ങളുടെ ജയിലിൽ കഴിഞ്ഞ 90 പാലസ്തീനികളെ വിട്ടയച്ചു.

നേരത്തേ പ്രഖ്യാപിച്ചതിലും മൂന്നു മണിക്കൂറോളം വൈകിയാണ് വെടിനിർത്തൽ നടപ്പായത്. മൂന്നു ബന്ദികളുടെ മോചനം സംബന്ധിച്ച് കൃത്യമായ വിവരം ഹമാസ് കൈമാറിയില്ലെന്നാരോപിച്ചായിരുന്നു ഇസ്രയേൽ വെടിനിർത്തലിന് തയ്യാറാകാതിരുന്നത്. വെടിനിർത്തലിന് അരമണിക്കൂർ മുമ്പ് വരെ ഇസ്രയേൽ ഗാസയിൽ ആക്രമണം തുടർന്നു. ഇതിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു.

ഡൊറോൺ സ്റ്റെയ്ൻബ്രെചർ, പൗര എമിലി ഡാമരി, റോമി ഗോനൻ എന്നിവരെ മധ്യഗാസയിൽ വച്ച് ഹമാസ് റെഡ് ക്രോസിന് കൈമാറുകയായിരുന്നു. ഇവരെ ഗാസയിൽ തുടരുന്ന ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങി. പിന്നീട് അതിർത്തിയിലെ സൈനിക ക്യാമ്പിലേക്കും തുടർന്ന് ടെൽ അവീവിലെ ഷേബാ മെഡിക്കൽ സെന്ററിലേക്കും മാറ്റുകയായിരുന്നു.

വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് ഇസ്രയേൽ സൈന്യം ഒഴിഞ്ഞുതുടങ്ങി. ഇതിനു പിന്നാലെ പലായനംചെയ്ത ആയിരങ്ങൾ ഗാസയിലേക്ക് മടക്കയാത്ര ആരംഭിച്ചു.

https://x.com/IsraeliPM/status/1881049472500949381/photo/1

Leave a Reply

Your email address will not be published. Required fields are marked *