Your Image Description Your Image Description

കഷായത്തിൽ കീടനാശിനി കലർത്തി നൽകി മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷാ വിധി ഇന്നുണ്ടാകില്ല. കോടതി വിധിയിലെ അന്തിമ വാദമായിരിക്കും ഇന്ന് നടക്കുക. അന്തിമ വാദത്തിനു ശേഷമാകും ശിക്ഷ വിധി എന്നാണെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിലാണ് അന്തിമവാദം. രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. 2022 ഒക്ടോബർ 14ന് സുഹൃത്ത് റെജിനൊപ്പമാണ് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കുടിക്കാനായി കഷായം നൽകി.

സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ച ഷാരോൺ ക്ഷീണിതനാവുകയും പിന്നീട് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനാൽ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഷാരോൺ ചികിത്സ തേടി. മറ്റെന്തെങ്കിലും പാനീയം ഉള്ളിൽച്ചെന്നിട്ടുണ്ടോയെന്ന് നഴ്സ് തുടർച്ചയായി ചോദിച്ചതിനെ തുടർന്നാണ് കഷായം കുടിച്ച വിവരം ഷാരോൺ പറയുന്നത്.

ഈ അവസരങ്ങളിലൊന്നും ഷാരോൺ ഗ്രീഷ്മയുടെ പേര് പറഞ്ഞിരുന്നില്ല.ഗ്രീഷ്മയുടെ വീട്ടിൽനിന്ന് തിരിച്ചുവന്നശേഷം ഷാരോണിന് ഭക്ഷണമൊന്നും കഴിക്കാൻ കഴിയാതായിരുന്നു. അന്നനാളം പൂർണമായും പൊള്ളിയ നിലയിലായിരുന്നു. വെള്ളം പോലും ഇറക്കാൻ കഴിയാതെയാണ് ഷാരോൺ ആ ദിവസങ്ങളിൽ ജീവിച്ചത്.

ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിനു കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ 7.35 മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാൻ ഗ്രീഷ്മ തുടർച്ചയായി നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട് . 13ന് രാത്രി ഒരു മണിക്കൂർ 7 മിനിറ്റ് ലൈംഗികകാര്യങ്ങൾ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്നു ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടിൽ പോയതെന്നു ഷാരോൺ ബന്ധുവിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *