Your Image Description Your Image Description

ആലപ്പുഴ :സംസ്ഥാനത്തെ ഏറ്റവും വലുതും റാംസര്‍ തണ്ണീര്‍ത്തട വ്യവസ്ഥയില്‍ ഉള്‍പ്പെട്ടതുമായ വേമ്പനാട് കായലിന്റെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ മെഗാ ക്ലീനിങ് നാളെ (18) രാവിലെ 7.30 ന് നടക്കും. പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കമിടുന്നത്. കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ ആലപ്പുഴ നഗരസഭയിലെ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ ഫിഷറീസ്, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കെ സി വേണുഗോപാല്‍ എം പി മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നില്‍ സുരേഷ് എം പി സന്ദേശം നല്‍കും. എച്ച് സലാം എംഎല്‍എ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എംഎല്‍എമാരായ തോമസ് കെ തോമസ്, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ, സബ് കളക്ടര്‍ സമീര്‍ കിഷന്‍, അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ജി പത്മകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെയും ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ശനിയാഴ്ച്ച ശുചീകരണം നടത്തുന്നത്. പ്രാഥമിക ഘട്ടത്തില്‍ അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം, തണ്ണീര്‍മുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, കൈനകരി എന്നീ ഗ്രാമപഞ്ചായത്തുകളിലെയും ആലപ്പുഴ, ചേര്‍ത്തല മുനിസിപ്പാലിറ്റികളിലെയും തെരഞ്ഞെടുത്ത കായല്‍ ഭാഗങ്ങളാണ് ശുചീകരിക്കുന്നത്.

കാമ്പയിനായി 1,08,71,678 രൂപയുടെ പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 11,50,000 രൂപ, ബ്ലോക്ക് പഞ്ചായത്തുകള്‍ 12,00,000 രൂപ, 28 ഗ്രാമപഞ്ചായത്തുകള്‍ 79,21,678, ആലപ്പുഴ, ചേര്‍ത്തല നഗരസഭകള്‍ 600,000 എന്നിങ്ങനെയാണ് ആസൂത്രണ സമിതി യോഗത്തില്‍ അംഗീകാരം നേടിയിട്ടുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, സന്നദ്ധ സംഘടനകള്‍, എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍, ഹൗസ് ബോട്ട് സംഘടനകള്‍, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോട് കൂടിയാണ് ശുചീകരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

വേമ്പനാട് കായലിന്റെ പുനരുജ്ജീവനം സംബന്ധിച്ച് ആലപ്പുഴ കയര്‍ക്രാഫ്റ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 2024 ഒക്ടോബര്‍ 28 ന് ഏകദിന ശില്‍പശാല സംഘടിപ്പിച്ചിരുന്നു. ഈ ശില്‍പശാലയില്‍ കായലിന്റെ സംരക്ഷണം അടിയന്തിരമായി ഏറ്റെടുക്കണമെന്ന് വിദഗ്ധാഭിപ്രായം രൂപപ്പെട്ടതിനെ തുടര്‍ന്ന് വിവിധ മേഖലകളിലായി ബന്ധപ്പെട്ട വിഷയവിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍/അംഗം എന്നിവരെ ചെയര്‍പേഴ്‌സണാക്കി എട്ട് സബ് കമ്മിറ്റികള്‍ (കൃഷി, മത്സ്യബന്ധനം, ജലവിഭവം, ജൈവവൈവിധ്യം, ടൂറിസം, പരിസ്ഥിതിയും ശുചിത്വവും, ദുരന്തനിവാരണവും കാലാവസ്ഥാ വ്യതിയാനവും, റവന്യൂ) രൂപീകരിക്കുകയും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. ഈ സബ് കമ്മിറ്റികള്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സബ് കമ്മിറ്റി യോഗങ്ങളില്‍ ഉരുത്തിരിഞ്ഞ ഹ്രസ്വകാല പദ്ധതിയാണ് ‘പ്ലാസ്റ്റിക് വിമുക്ത വേമ്പനാട’് മെഗാ കാമ്പയിന്‍.
പുന്നമട ഫിനിഷിങ് പോയന്റില്‍ നടക്കുന്ന ഉദ്ഘാടച്ചടങ്ങിന് പുറമേ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന കേന്ദ്രങ്ങളില്‍ എം.എല്‍.എമാരുടെയും തദ്ദേശസ്ഥാപന പ്രസിഡന്റുമാരുടെയും നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കായലുമായി ബന്ധപ്പെട്ട മറ്റ് തദ്ദേശസ്വയംഭണസ്ഥാപനങ്ങളിലും പ്ലാസ്റ്റിക്ക് മുക്തമാക്കുന്നതിനുളള കാമ്പയിനുകള്‍ ഉടന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *