Your Image Description Your Image Description

തിരുവനന്തപുരം: മംഗലപുരത്ത് കണിയാപുരം കണ്ടലില്‍ വീട്ടിനുള്ളിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി രംഗദുരൈയെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലപുരം പോലീസും ഷാഡോ ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനുവിനെ (വിജി-33) തിങ്കളാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകിട്ട് അഞ്ചരമണിയോടെ സ്‌കൂളില്‍നിന്നെത്തിയ കുട്ടികളാണ് ഷാനുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ കയറും തുണിയും മുറുക്കിയാണ് യുവതിയെ കൊന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് യാത്രചെയ്യുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയേയും കൊണ്ട് പോലീസ് കേരളത്തിലേയ്ക്ക് പുറപ്പെട്ടു.

ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രംഗനോടൊപ്പമായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് ഷാനുവിന്റെ മക്കള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ രംഗനെ സംഭവശേഷം കാണാതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *