Your Image Description Your Image Description

മുംബൈ: ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി സിതാന്‍ഷു കൊടകിനെ ബിസിസിഐ നിയമിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ ബാറ്ററായിരുന്ന സിതാന്‍ഷു 2023-ല്‍ അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായി പ്രവർത്തിച്ചിരുന്നു. നിലവില്‍ ഇന്ത്യ എ ടീം പരിശീലകനാണ് സിതാന്‍ഷു. കൂടാതെ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍.സി.എ.)യില്‍ പരിശീലകനായിരുന്നു സിതാന്‍ഷു.

ഇന്ത്യന്‍ ടീമിന് ബാറ്റിങ് പരിശീലകനെ വേണമെന്ന ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ബിസിസിഐ സിതാന്‍ഷു കൊടകിനെ ഈ സ്ഥാനത്തേക്ക് ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ നടന്ന ബിസിസിഐയുടെ അവലോകന യോഗത്തിലായിരുന്നു ഗംഭീറിന്റെ ഈ ആവശ്യം.

മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ആഭ്യന്തര ക്രിക്കറ്റിലെ അതികായനായ സിതാന്‍ഷു കൊടക് 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 8061 റണ്‍സ് നേടിയിട്ടുണ്ട്. 89 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 3083 റണ്‍സാണ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ അടിച്ചുകൂട്ടിയത്. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ലയണ്‍സിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *