Your Image Description Your Image Description

മുംബൈ: പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കുന്ന കാര്യം സംശയത്തില്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ് നിര്‍ദേശിച്ചതോടെ ബുമ്ര ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാനുള്ള സാധ്യത മങ്ങി.കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ബുമ്ര വരുന്ന ആഴ്ച ബെംഗലൂരുവിലെ സെന്‍റര്‍ ഓഫ് എക്സ‌ലന്‍സില്‍ പരിക്കില്‍ നിന്ന് മോചിതനാവാനുള്ള ചികിത്സതേടുമെന്നും എത്ര ദിവസം ബുമ്രക്ക് അവിടെ തുടരേണ്ടിവരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റ പേശികൾ ശക്തമാകാനും നീര് പൂര്‍ണമായും വാര്‍ന്നുപോകാനുമായി ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനുശേഷം മാത്രമെ ബുമ്രക്ക് എപ്പോള്‍ കളിക്കാനാകുമെന്ന് പറയാനാവു. പരിക്കിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും പരിക്ക് ഗുരുതരമല്ലെന്നും നീര് വീഴ്ച മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളില്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പരിക്കില്‍ നിന്ന് മോചിതനാകാന്‍ എത്ര സമയം വേണ്ടിവരുമെന്ന് വ്യക്തമല്ലാത്തതിനാല്‍ ബുമ്രയെ ചാമ്പ്യൻസ് ട്രോഫി ടീമിലുള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്.

ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെയാണ് ബുമ്രക്ക് പരിക്കേറ്റത്. തുടര്‍ന്ന് സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍10 ഓവര്‍ മാത്രം പന്തെറിഞ്ഞ ബുമ്രക്ക് രണ്ടാം ഇന്നിംഗ്സില്‍ പന്തെറിയാനാവാതിരുന്നത് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ ഇല്ലാതാക്കുകയും ചെയ്തിരുന്നു.
പരമ്പരയിലാകെ 32 വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് പരമ്പരയുടെ താരമായത്. ചാമ്പ്യൻസ് ട്രോഫിയില്‍ ജസ്പ്രീത് ബുമ്ര കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. 2023ലെ ഏകദിന ലോകകപ്പിനുശേഷം പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ പേസര്‍ മുഹമ്മദ് ഷമി ബുമ്രക്ക് പകരം ചാമ്പ്യൻസ് ട്രോഫി ടീമിലെത്തുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *