Your Image Description Your Image Description

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് യുവതാരം സര്‍ഫറാസ് ഖാനെന്ന് കോച്ച് ഗൗതം ഗംഭീര്‍. ബിസിസിഐയുടെ അവലോകന യോഗത്തിലാണ് ഗംഭീര്‍ സര്‍ഫറാസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതെന്ന് ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്തു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ
മെല്‍ബണ്‍ ടെസ്റ്റിലെ കനത്ത തോല്‍വിക്ക് ശേഷം ഗൗതം ഗംഭീര്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളില്‍ വരാന്‍ കാരണം സര്‍ഫറാസ് ഖാന്‍ ആണെന്നാണ് ഗംഭീര്‍ ബിസിസിഐ അവലോകന യോഗത്തില്‍ അരോപിച്ചത്. സര്‍ഫറാസിന്റെ നടപടി ഗംഭീറിനെ ചൊടിപ്പിച്ചുവെന്നും ഇത് സര്‍ഫറാസിന്റെ കരിയറിന് തന്നെ പ്രതികൂലമാകാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഭീര്‍ പരിശീലകനായി ഇരിക്കുന്നിടത്തോളം കാലം സര്‍ഫറാസ് ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയക് സര്‍ഫറാസ് ആണെന്ന് തെളിയിക്കാന്‍ ഗൗതം ഗംഭീര്‍ എന്തെങ്കിലും തെളിവുകള്‍ ബിസിസിഐക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര നിറം മങ്ങിയിട്ടും ഒരു ടെസ്റ്റില്‍ പോലും സര്‍ഫറാസിന് പ്ലേയിംഗ് ഇലിവനില്‍ അവസരം ലഭിച്ചില്ലെന്നതും ഇതോട് കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡ്രസ്സിംഗ് റൂമില്‍ കളിക്കാരും പരിശീലകനും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ ഡ്രസ്സിംഗ് റൂമില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്ന് ഗംഭീര്‍ കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *