Your Image Description Your Image Description

കവരത്തി: എഞ്ചിൻ തകരാറിനെ തുടർന്ന് യാത്രക്കാരുമായി ദിശ മാറി സഞ്ചരിച്ച ബോട്ടിന് രക്ഷകനായി കോസ്റ്റ് ഗാർഡ്.കവരത്തി ദ്വീപില്‍ നിന്നും സുഹെലി ദ്വീപിലേക്ക് തീര്‍ത്ഥാടനാവശ്യങ്ങള്‍ക്കായി യാത്രികരുമായി പുറപ്പെട്ട് വഴി മധ്യേ എഞ്ചിന്‍ തകരാര്‍ മൂലം നിലച്ച് പോയ മൊഹമ്മദ് കാസിം-കക (IND-LD-KV-MO-208) എന്ന മത്സ്യബന്ധന ബോട്ടിനെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് കവരത്തിയുടെ നേതൃത്വത്തില്‍ രക്ഷപെടുത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 54 യാത്രികരെയാണ് ലക്ഷദ്വീപ് ഫിഷറീസ്, തുറമുഖം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലായ സാക്ഷമില്‍ കൈമാറി കവരത്തി ദ്വീപിലേക്ക് തിരിച്ചെത്തിച്ചത്.

എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് സുഹെലി ദ്വീപിന്റെ 4 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുക്കിലകപ്പെട്ട് യാത്രികരുമായുള്ള ബോട്ട് മണിക്കൂറുകളോളം ദിശമാറി സഞ്ചരിക്കുകയായിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ വെളിപ്പെടുത്തി. സമുദ്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, പ്രത്യേകിച്ച് ശേഷിയിലധികം യാത്രികരെ കയറ്റുന്നതില്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കടലിലകപ്പെട്ട യാത്രികര്‍ക്ക് ചികിത്സയും ഭക്ഷണ പാനിയങ്ങളും ഉറപ്പ് വരുത്തിയിരുന്നതായും ലക്ഷദ്വീപിന്റെ സമുദ്രമേഖലയിലെ സുരക്ഷ ക്രമീകരണങ്ങളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സദാ സജ്ജരാണെന്നും ജില്ലാ കമാന്‍ഡര്‍ മോബിന്‍ ഖാന്‍ (ഡി ഐ ജി) പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *